ചണ്ഡിഗഢ്: മേലുദ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായി വനിതാ ഐ എ എസ് ഓഫീസറുടെ പരാതി. മേലുദ്യോഗസ്ഥന്റെ ചില തീരുമാനങ്ങളോട് ഔദ്യോഗിക ഫയലില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതാണ് തന്നോട് ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നും വനിത ഓഫീസര്‍ ആരോപിച്ചു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് 28കാരിയായ യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്നോട് ഓഫീസില്‍ രാത്രി എട്ടു മണി വരെ നില്‍ക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. മെയ്31ന് തന്നെ മുറിയിലേക്ക് വിളിപ്പിക്കുകയും മറ്റാരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് മറ്റു ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഫയലില്‍ എതിരഭിപ്രായം രേഖപ്പെടുത്തരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിത ഉദ്യോഗസ്ഥ ആരോപിച്ചു.
ഹരിയാന കേഡറിലെ വനിത ഐ എ എസ് ഓഫീസറാണ് യുവതി. തന്നോട് അദ്ദേഹത്തിന്റെ അരികിലേക്ക് ചേര്‍ന്നിരിക്കാന്‍ ആവശ്യപ്പെടുകയും തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. ചണ്ഡിഗഢ് പൊലീസിലും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞു. ഔദ്യോഗിക ഫയലില്‍ തെറ്റു വരുത്തിയപ്പോള്‍ രണ്ടു തവണ താന്‍ അവരോട് അത് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.