ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഐഎഎസ് ഓഫീസര്‍ വി കെ പാണ്ഡ്യന് കാബിനറ്റ് പദവി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് പാണ്ഡ്യന് കാബിനറ്റ് പദവി ലഭിച്ചത്. ട്രാന്‍സ്ഫര്‍മേഷന്‍ ഇനിഷ്യേറ്റീവ് ചെയര്‍മാന്‍ പദവിയാണ് നല്‍കിയത്.
ഒഡിഷ കേഡറിലെ 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു പാണ്ഡ്യന്‍. 2002 ല്‍ സംസ്ഥാനത്തെ കലഹണ്ടി ജില്ലയിലെ ധര്‍മഗഢിലെ സബ് കലക്ടറായാണ് തുടക്കം. 2006 ല്‍ മയൂര്‍ഭഞ്ച് ജില്ലാ കളക്ടറായി. രണ്ട് വര്‍ഷത്തിന് ശേഷം 2007 ല്‍ ഗഞ്ചം കളക്ടറായി സ്ഥാനമേറ്റു. 2011ല്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഓഫീസില്‍ എത്തിയ വി കെ പാണ്ഡ്യന്‍ അന്ന് മുതല്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
2019 ല്‍ പട്നായിക് അഞ്ചാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അധിക ചുമതല വി കെ പാണ്ഡ്യനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സഹായിയെന്ന നിലയില്‍ പാണ്ഡ്യന്റെ ഉയര്‍ച്ചക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാണ്ഡ്യന്‍ പദവി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. സര്‍വീസില്‍ നിന്ന് രാജിവെച്ച് പാണ്ഡ്യന്‍ ബിജെഡിയില്‍ ചേരട്ടെ എന്നാണ് കോണ്‍ഗ്രസും ബിജെപിയും പറഞ്ഞത്. പിന്നാലെ അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയും ചെയ്തു.