IAS Resuffle; Ernakulam district collector M G Rajamanickam out

തിരുവനന്തപുരം: ഘടകകക്ഷിയായ സിപിഐയുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങി. എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം തെറിച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു മാസത്തിലേറെയായിട്ടും, ഐപിഎസുകാര്‍ ഉള്‍പ്പെടെ മറ്റെല്ലാ തലത്തിലും മാറ്റങ്ങള്‍ നടപ്പായിട്ടും കളക്ടര്‍മാരുടെ അഴിച്ചുപണി നീളുകയായിരുന്നു.മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടി കളലക്ടര്‍മാരുടെ മാറ്റം തുടക്കത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. അഴിച്ചുപണിയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയപ്പോള്‍ തന്നെ സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.

എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ സ്ഥലം മാറ്റ കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന സിപിഐ-സിപിഎം തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരുന്നു.

സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും ഭൂമിഗീതം പരിപാടി നടത്തിയതിലുമടക്കം വ്യാപകമായ അഴിമതിയാണ് കളക്ടര്‍ രാജമാണിക്യം നടത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കളക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാജമാണിക്യത്തെ മാറ്റണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശംം മുഖ്യമന്ത്രി പിണറായി വിജയന്‍ നിരാകരിക്കുകയായിരുന്നു. ഈ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് സിപിഐ ഉയര്‍ത്തിയിരുന്നത്.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മില്‍ നിന്ന് നടപടിക്ക് വിധേയരായവരും നിഷ്‌ക്രിയരായവരുമായ പാര്‍ട്ടി അംഗങ്ങളെ സംഘടിതമായി സിപിഐയിലേക്ക് ചേര്‍ത്താണ് സിപിഐ പകരം വീട്ടിയത്.

സിപിഎം ശക്തി കേന്ദ്രമായ ഉദയം പേരൂരില്‍ മാത്രം സിപിഎം അംഗങ്ങളായിരുന്ന 164 പേരും അനുഭാവികളുമടക്കം 500 പേരാണ് സിപിഐയില്‍ ചേര്‍ന്നിരുന്നത്.

തങ്ങളുടെ വകുപ്പായ റവന്യൂവകുപ്പിന് കീഴിലെ കളക്ടറെ പോലും മാറ്റാന്‍ മുഖ്യമന്ത്രി അനുവദിക്കാതെയിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സിപിഐയുടെ വാദം.

ഭരണം മാറുമ്പോള്‍ തന്ത്രപ്രധാനമായ തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുക എന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ റവന്യുവകുപ്പ് മന്ത്രിയുടെ ആവശ്യം തിരസ്‌കരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും സിപിഐ ആരോപിച്ചിരുന്നു.

ഭരണം മാറിയ ഉടനെ സംസ്ഥാന പൊലീസ് മേധാവിയടക്കം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി കളക്ടറെ മാറ്റാന്‍ ചുമതലപ്പെട്ട വകുപ്പ് മന്ത്രിയുടെയും മുന്നണി ഘടകകക്ഷിയുടെയും താല്‍പര്യത്തിന് എതിര് നില്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും സിപിഐ നേതൃത്വം ചോദിച്ചിരുന്നു.

പൊലീസ് നിയമനത്തിലിടപെട്ട ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയുടെ ‘താല്‍പര്യങ്ങളാണ്’ കളക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലൂടെ തകര്‍ന്നടിഞ്ഞത്.

Top