ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഏഷ്യന്‍ പെണ്‍സിംഹത്തിന്റെ പ്രതീകമായ ഇഭ യെയാണ് ഫിഫ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കി.
ഖാസി ഭാഷയില്‍ നിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്ന് ഫിഫ ചീഫ് വുമണ്‍സ് ഫുട്ബോള്‍ ഓഫിസര്‍ സരായി ബരേമാന്‍ അറിയിച്ചു. ‘എവരെയും പ്രചോദിപ്പിക്കുന്ന കഥാപാത്രമാണ് ഇഭ. അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്ബോളിനും ഊര്‍ജമേകും.യുവതലമുറയ്ക്ക് ഫുട്ബോള്‍ ഒരു കരിയറാക്കി മാറ്റാനും സാധിക്കും. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനും അവരെ മുന്‍നിരയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഇഭയെ തിരഞ്ഞെടുത്തത്’, മബരേമാന്‍ വിശദീകരിച്ചു.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ് മുംബൈ എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരം.
ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയും ലോകകപ്പില്‍ പന്ത് തട്ടുന്നുണ്ട്. ഇതാദ്യമായാണ് ഇന്ത്യ അണ്ടര്‍ 17 വനിതാലോകകപ്പില്‍ പങ്കെടുക്കുന്നത്. 16 ടീമുകളാണ് മാറ്റുരയ്ക്കുക.