സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിലെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. ഇതോടെ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ സ്വീഡിഷ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി. ജോര്‍ജിയയ്ക്കും കൊസോവോയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് ഇതിരഹാസ താരത്തെ തിരിച്ച് വിളിച്ചിരിക്കുന്നത്.
2016ലെ യൂറോകപ്പില്‍ നിന്ന് സ്വീഡന്‍ പുറത്തായതിന് പിന്നാലെയാണ് ഇബ്രാഹിമോവിച്ച് വിരമിച്ചത്. ദേശീയ ടീമിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യമുണ്ടെന്ന് അടുത്തിടെ ഇബ്രാഹിമോവിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് കോച്ച് യാനി ആന്‍ഡേഴ്സണ്‍ ഇബ്രാഹിമോവിച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
39കാരനായ ഇബ്രാഹിമോവിച്ച് സ്വീഡനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 116 കളിയില്‍ നിന്ന് 62 ഗോളാണ് ഇബ്രാഹിമോവിച്ച് നേടിയത്. എ സി മിലാന്‍ താരമായ ഇബ്രാഹിമോവിച്ച് സെരി എയില്‍ ഈ സീസണില്‍ 14 കളിയില്‍ നിന്ന് 14 ഗോള്‍ നേടിയിട്ടുണ്ട്. അയാക്സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്സലോണ, എസി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട് സ്ലാട്ടണ്‍.