ത്രിരാഷ്ട്ര പരമ്പരയിലെ അയര്‍ലന്റ്- സ്കോട്ലാന്ഡ് മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കുവാന്‍ മാച്ച് ഒഫീഷ്യലുകള്‍ വിട്ടുപോയതില്‍ മാപ്പ് പറഞ്ഞ് ഐസിസി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അയര്‍ലന്റും സ്കോട്ലാന്ഡും 185 റണ്‍സ് വീതം സമനിലയില്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ടൈ ആയ മത്സരത്തിനു ശേഷം ഇരു ടീമുകളും കൈ കൊടുത്ത് പിരിയുകയും ചെയ്തു. എന്നാല്‍, ഐസിസി നിയമപ്രകാരം മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങേണ്ടതായിരുന്നു.
ടൂര്‍ണ്ണമെന്റിനു മുമ്പ് തന്നെ സൂപ്പര്‍ ഓവര്‍ ഉണ്ടാകുകയില്ലെന്ന് മാച്ച് റഫറി തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് സ്കോട്ലാന്ഡ് നായകന് കൈല്‍ കോയെറ്റ്സര്‍ പറഞ്ഞത്. മാച്ച് റഫറിയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നാണ് തന്റെ ഓര്‍മയെന്നും കൈല്‍ പറഞ്ഞിരുന്നു. മാച്ച് റഫറിയുടെ ഈ തീരുമാനത്തെയാണ് ഐസിസി തിരുത്തി മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.