ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ 558 റണ്‍സ് നേടിയ വിരാട് കൊഹ്‌ലിയാണ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമത്. പരമ്പരയിലെ മികച്ച പ്രകടനത്തില്‍ 33 റേറ്റിംഗ് പോയിന്റുകളാണ് കൊഹ്‌ലി നേടിയത്. നിലവില്‍ 909 റേറ്റിംഗ് പോയിന്റുകളാണ് കൊഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ബോളിംഗ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര തുടങ്ങുന്നതിന് മുന്‍പ് 728 റേറ്റിംഗ് പോയിന്റുകളുണ്ടായിരുന്ന താരത്തിന് 787 പോയിന്റുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബുംറയ്‌ക്കൊപ്പം, അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും ഒന്നാംസ്ഥാനം പങ്കിടുന്നുണ്ട്.
സിംബാബ്‌വെയ്ക്ക് എതിരായി നടന്ന ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ നേടിയാണ് റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മുന്‍പ് 8-ാം സ്ഥാനത്തായിരുന്നു താരം. പരമ്പരയിലെ ആറു മത്സരങ്ങളില്‍ 323 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍ പതിനാലാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് എത്തി.
അതേസമയം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ നാലാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് തഴുകയാണ് ചെയ്തത്. നിലവില്‍ റാങ്കിംഗ് പട്ടികയില്‍ ചാഹല്‍ 667 റേറ്റിംഗ് പോയിന്റോടെ എട്ടാം സ്ഥാനത്തും കുല്‍ദീപ് യാദവ് 628 പോയിന്റോടെ പതിനഞ്ചാം സ്ഥാനത്തുമാണ്.