കിട്ടാനുള്ളത് കിട്ടിയുമില്ല, കൈയ്യിലുള്ളത് കൊടുക്കേം വേണം; പിസിബിക്ക് ഇത് കഷ്ടകാലം

ദുബൈ: പാക്കിസ്ഥാനില്‍ വെച്ച് നടത്താനിരുന്ന ഇന്ത്യാ-പാക്ക് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയതില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയ പാക്കിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നല്‍കിയ ഹര്‍ജി ഐസിസി നേരത്തെ തള്ളിയിരുന്നു. അതിനു പുറകേ നിയമനടപടികള്‍ക്കായി ചെലവായ തുക പിസിബിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിയെ സമീപിച്ചിരുന്നു. അതിന്റെ വിധി ഇപ്പോള്‍ വന്നിരിക്കുകയാണ്.

ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ബിസിസിഐ ചെലവാക്കിയ തുകയുടെ അറുപത് ശതമാനം പിസിബി ബിസിസിഐയ്ക്ക് നല്‍കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ കിട്ടാനുള്ളത് ഒന്നും കിട്ടിയും ഇല്ല കൈയ്യിലുള്ളത് കൊടുക്കേം വേണം എന്ന അവസ്ഥയാണിപ്പോള്‍ പിസിബിക്ക്.

എന്നാല്‍, പരമ്പര നടത്താമെന്നുള്ള ധാരണയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് കാണിച്ചാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്. ബിസിസിഐയില്‍ നിന്ന് 70 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു ഹര്‍ജി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Top