ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസ് വിസ്മയം ജസ്പ്രീത് ബുംറ ആദ്യ പത്തിലെത്തി. പുതുക്കിയ പട്ടിക പ്രകാരം ബുംറ ഏഴാം സ്ഥാനത്താണ്. ഇതാദ്യമായാണ് ബുംറ മികച്ച പത്തു ബൗളര്‍മാരുടെ നിരയില്‍ ഇടംനേടുന്നത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച ഇന്ത്യന്‍ പേസറായ ബുംറ വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലും തിളങ്ങിയിരുന്നു.
ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രഥമ സ്ഥാനം നിലനിര്‍ത്തി. കോഹ്ലിക്ക് 910 റേറ്റിങ് പോയിന്റുണ്ട്. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് (904) രണ്ടാമന്‍. ആന്റിഗ്വ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും കുറിച്ച അജിന്‍ക്യ രഹാനെ വന്‍ മുന്നേറ്റം നടത്തി. പത്ത് പടികള്‍ കയറിയ രഹാനെ പതിനൊന്നാം റാങ്കില്‍ നിലയുറപ്പിച്ചു.
ഇംഗ്ലണ്ടിന്റെ ആഷസ് ഹീറോ ബെന്‍ സ്റ്റോക്‌സും കാര്യമായ നേട്ടമുണ്ടാക്കിയവരില്‍പ്പെടുന്നു. ബാറ്റിങ് റാങ്കിങ്ങില്‍ പതിമൂന്നാമതും ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ രണ്ടാമതുമാണ് സ്റ്റോക്‌സ്.