ഐസിസി റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി കോലി

ദുബായ് : ഐ.സി.സി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി. രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം, ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തായി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ രണ്ട് അര്‍ധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്ക് 842 പോയിൻ്റുണ്ട്.

പാക് നായകൻ ബാബർ അസം (837), ന്യൂസീലൻഡ് താരം റോസ് ടെയ്ലർ (818), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (791) എന്നിവരാണ് പട്ടികയിൽ യഥാക്രമമുള്ള മറ്റ് താരങ്ങൾ. അതേസമയം ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറില്‍ ആദ്യമായി ആദ്യ 50 റാങ്കിനുള്ളില്‍ ഇടം നേടി. 553 പോയന്റുമായി ഹാര്‍ദിക് 49-ാം സ്ഥാനത്താണ്.

ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് ആണ്. 722 പോയിൻ്റാണ് ബോൾട്ടിന് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി. അഫ്ഗാനിസ്ഥാൻ്റെ മുജീബ് റഹ്മാനാണ് രണ്ടാമത്. മുജീബിന് 701 പോയിൻ്റും ബുംറയ്ക്ക് 700 പോയിൻ്റുമാണ് ഉള്ളത്.

Top