ICC World twenty20 worldcup

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സുരക്ഷാ ഉറപ്പ് നല്‍കാതെ ടീമിനെ ഇന്ത്യയിലേക്ക് അയക്കാനാകില്ലെന്നാണ് പാകിസ്താന്റെ നിലപാട്. ടീമിന്റെ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക ഉറപ്പ് നല്‍കാന്‍ തയാറായിട്ടില്ലെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ കുറ്റപ്പെടുത്തി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഒരു ലക്ഷമാണ് കപ്പാസിറ്റി. ഏത് ഭാഗത്തുനിന്നാണ് കല്ലുകള്‍ വരുകയെന്ന് ഞങ്ങള്‍ക്കുറപ്പില്ല. സ്റ്റേഡിയത്തിലെങ്കിലും സുരക്ഷയൊരുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അദ്ദേഹം പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ ആവശ്യമായ എല്ലാ സുരക്ഷയും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ദക്ഷിണേഷ്യന്‍ ഗെയിംസിനടക്കം വിവധ കായിക മത്സരങ്ങളില്‍ പാകിസ്താന്‍ അടക്കമുള്ള നിരവധി ടീമുകള്‍ ഇന്ത്യയില്‍ എത്തിയതാണ്. ഇന്ത്യ മതിയായ സുരക്ഷയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക് ടീമിന്റെ ഇന്ത്യയിലേക്കുള്ള യാത്ര വൈകുന്നത് ആശങ്കയോടെയാണ് ബിസിസിഐയും ഐസിസിയും കാണുന്നത്. ശനിയാഴ്ച ബംഗ്ലാദേശിനെതിരെയാണ് പാക് ടീമിന്റെ ആദ്യ സന്നാഹ മത്സരം. അതേ സമയം ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top