icecream parlour case ; VS statement

Vsachuthanathan

തിരുവന്തപുരം : ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വിഎസ് അച്യുതാനന്ദന്‍.

സ്ത്രീ പിഡകന്‍മാര്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വിഎസ് പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയതെന്നും തന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പ്രതികരിച്ചു.

വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചിരുന്നത്.

അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജി തള്ളിക്കളയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി രാഷ്ട്രീയപോരിന് വേദിയാക്കരുതെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റ് എം.പോളിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സെന്റ് എം പോളിന്റെ കണ്ടെത്തല്‍. എന്നാല്‍ ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപന്മാരും, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനും ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രിം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.

Top