ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ എംഡി ചന്ദ കോച്ചാറിനെ ഔദ്യോഗികമായി പുറത്താക്കി. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങളും ആഭ്യന്തര നയങ്ങളും ലംഘിച്ചതായി കാണ്ടെത്തിയാതിനെ തുടര്‍ന്നാണ് നടപടി. റിട്ട. ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായ ആഭ്യന്തര അന്വേഷണസമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.
ഐസിഐസി ബാങ്കില്‍ നിന്ന് ചന്ദ കോച്ചാര്‍ രാജിവച്ചെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നത്. വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരില്‍ കൊച്ചാര്‍ കഴിഞ്ഞ ഒക്ടോബറില്‍ രാജിവെച്ചിരുന്നു. എന്നാല്‍, രാജി പുറത്താക്കലായി കണക്കാക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ക്കുള്ള ഇന്‍ക്രിമെന്റുകളും ബോണസുകളും ആരോഗ്യസഹായങ്ങളുമടക്കം മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. ആയി ചുമതലയേറ്റ 2009 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ചുവരെ കൈപ്പറ്റിയ ബോണസ് കൊച്ചാര്‍ തിരിച്ചുനല്‍കണമെന്ന് പുറത്താക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചാര്‍ ബാങ്കിന്റെ ആഭ്യന്തരനയത്തോട് ജാഗ്രതയില്ലാതെയും ബഹുമാനമില്ലാതെയും പെരുമാറിയെന്നാണ് ആഭ്യന്തരസമിതിയുടെ കണ്ടെത്തല്‍. അവരുടെ ഈ സമീപനത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1984-ല്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായാണ് കൊച്ചാര്‍ ഐ.സി.ഐ.സി.ഐ. ബാങ്കിലെത്തിയത്. 2009-ല്‍ സി.ഇ.ഒ. പദവിയിലെത്തി.