പാക്കിസ്ഥാന് കനത്ത തിരിച്ചടി ; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ

ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

സ്വതന്ത്രകോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പാക്കിസ്ഥാന്റെ വാദങ്ങള്‍ രാജ്യാന്തര കോടതി തള്ളി. കേസില്‍ ഇടപെടാന്‍ രാജ്യാന്തര കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വിശദമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് അറസ്റ്റുചെയ്ത കുല്‍ഭൂഷണെ കഴിഞ്ഞമാസമാണു വധശിക്ഷയ്ക്കു വിധിച്ചത്. ഈ മാസം എട്ടിനാണ് ഇന്ത്യ രാജ്യാന്താര കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. വിധി ഇന്ത്യാപാക്ക് ബന്ധത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കും. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണെന്നാണു റോണി എബ്രഹാം അധ്യക്ഷനായ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.

2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ചു തടവുകാരനു നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്. കുല്‍ഭൂഷണു സ്വയം പ്രതിരോധിക്കാന്‍ നിയമസഹായം ലഭ്യമാക്കിയില്ല. സൈനിക കോടതിയാണു സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചത്. കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടന്നു എന്നിവയായിരുന്നു ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി നിരത്തിയ വാദങ്ങള്‍. രാജ്യാന്തര കോടതി അധികാരപരിധി ലംഘിച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ രാജ്യാന്തര കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നു 1974 സെപ്റ്റംബര്‍ എട്ടിന് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷി വാദിച്ചു. കുല്‍ഭൂഷണിന്റെ കുറ്റസമ്മത വീഡിയോ കാണണമെന്ന പാക്കിസ്ഥാന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്‌ളി സ്വദേശിയാണ് 47 കാരനായ കുല്‍ഭൂഷണ്‍ ജാധവ്. അച്ഛന്‍ മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മുംബൈയിലെ പൊവായിലാണ് കുടുംബം ഇപ്പോള്‍ താമസം. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസുകാരനാകുകയായിരുന്നു ഇയാള്‍.

Top