കോവിഡ് കൊള്ള ? ചൈനീസ് റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടി വിലക്ക് !

ന്യൂഡല്‍ഹി: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്ക്കെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നാണ് ഐസിഎംആര്‍ റിയല്‍ മെറ്റാപോളിക്‌സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍നിന്ന് 5 ലക്ഷം കിറ്റുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ നല്‍കിയത്. 30 കോടി രൂപയ്ക്കുള്ള ഓര്‍ഡറായിരുന്നു ഇത്.

ഇറക്കുമതിക്കാരായ മാട്രിക്സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ഇറക്കുമതി നടത്തിയത്. വിതരണക്കാരായ റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഇത് സര്‍ക്കാരിന് നല്‍കിയതാകട്ടെ ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലായിരുന്നു.

ചൈനീസ് കമ്പനിയില്‍നിന്ന് ഷാന്‍ ബയോടെക് എന്ന വിതരണക്കാരനിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ 500 കിറ്റുകള്‍ സമാന രീതിയില്‍ വാങ്ങിയിരുന്നു. അവരും ഒരു കിറ്റിന് 600 രൂപയാണു നല്‍കിയത്. മാട്രിക്സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്നാടിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

60 ശതമാനത്തോളം ഉയര്‍ന്ന വില നല്‍കിയാണ് ഐസിഎംആര്‍ കിറ്റുകള്‍ വാങ്ങിയിട്ടുള്ളത്. ചൈനയില്‍ നിന്ന് റാപ്പിഡ് കിറ്റുകള്‍ വാങ്ങുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി തേടിയിരുന്നില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലായം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐസിഎംആര്‍ 528-795 രൂപയായിരുന്നു ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധി നിശ്ചയിച്ചിരുന്നത്. കാര്യക്ഷമത, കൃത്യത തുടങ്ങി ഉയര്‍ന്ന സാങ്കേതിക സവിശേഷതകള്‍ ഉള്ള കിറ്റുകളാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് കൂടിയ വില നിശ്ചയിച്ച് കിറ്റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയതെന്നാണ് ഐസിഎംആറിന്റെ നിലപാട്.മാത്രവുമല്ല വിവിധ സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പെട്ടെന്നു കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നുമാണ് ഐസിഎംആറിന്റെ വാദം. എന്നാല്‍ വിഷയത്തില്‍ ഐസിഎംആറിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നാണു വ്യക്തമാകുന്നത്.

അതേസമയം, ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഐസിഎംആര്‍ കിറ്റുകളുടെ ഗുണമേന്മ പരിശോധന നടത്തുകയും ഇവ ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. വിതരണം ചെയ്ത കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

Top