പൊതു അറിയിപ്പുകൾ ഹിന്ദിയിൽ മതിയെന്ന്‌ ഐസിഎംആർ; ഓഫീസുകളിൽ ‘ദേവനാഗരിക’ ലിപിയും

ഡല്‍ഹി: ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാല്‍ പൊതു അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെന്‍ഡര്‍-കോണ്‍ട്രാക്ട് ഫോമുകള്‍, കരാറുകള്‍, ലൈസന്‍സ് തുടങ്ങി മെഡിക്കല്‍ ഗവേഷണ ദേശീയ കൗണ്‍സിലുമായി (ഐ.സി.എം.ആര്‍.) ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഐ.സി.എം.ആര്‍. ഡെപ്യൂട്ടി ഡയറക്ടര്‍ മനീഷ് സക്സേനയുടേതാണ് നിര്‍ദേശം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാം.

നിയമനം സംബന്ധിച്ച ബയോഡേറ്റ, അഭിമുഖം തുടങ്ങിയവയെല്ലാം ഉദ്യോഗാര്‍ഥികള്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ സമര്‍പ്പിക്കണം. ഹിന്ദി ദിനപത്രങ്ങളില്‍ ഹിന്ദിയില്‍തന്നെ പരസ്യങ്ങള്‍ നല്‍കണം. ഓഫീസുകളിലെ സോഫ്റ്റ്വേറുകള്‍ ‘ദേവനാഗരിക’ ലിപിയിലായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഹിന്ദി ഭാഷ കര്‍ശനമായി അടിച്ചേല്‍പ്പിക്കുന്നുവെന്ന വിവാദങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സിയായ ഐ.സി.എം.ആറിന്റെ പുതിയ നീക്കം.

ലെറ്റര്‍ ഹെഡുകള്‍, നോട്ടീസ് ബോര്‍ഡ് തുടങ്ങിയവയിലെല്ലാമുള്ള എഴുത്തുകള്‍ക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കണം. കൗണ്‍സിലിന്റെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട എ, ബി, മേഖലയുമായുള്ള ആശയവിനിയമം ഹിന്ദിയിലായിരിക്കണം. സംസ്ഥാനങ്ങളില്‍നിന്ന് ഇംഗ്ലീഷിലാണ് കത്തുകള്‍ ലഭിക്കുന്നതെങ്കിലും മറുപടി ഹിന്ദിയില്‍ നല്‍കണം.

Top