ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയെന്ന കള്ള പ്രചരണങ്ങള്‍ നടത്തിയ 67 പേര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് എടുത്തു.
നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ആന്റ് സോഷ്യല്‍ സര്‍വീസ് എന്ന സംഘധടനയുടെ ഭാരവാഹികളായ വിപി റോണി, വിജയന്‍ ഡെയ്‌സി ഡാനിയേല്‍, ഷീജ, ജോബിഷ് ജോസഫ്, ജോംസ് തോമസ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആദിവാസി ജനതയെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് സംഘടനയുടെ ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ 26 മുതല്‍ 28 വരെയാണ് സംഘടന ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇടമലക്കുടിയില്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ പത്ത് വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളെ നരബലി കൊടുത്തുവെന്ന് ദേശീയ ശിശുസുരക്ഷാവകുപ്പിന് പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസിലെ വിവിധ വകുപ്പുകള്‍ വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഇടമലക്കുടയിലെ ആദിവാസികളെ അപമാനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് രംഗത്തെത്തിയത്.