ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും

കൊച്ചി: ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അണക്കെട്ട് തുറക്കും. ആദ്യം 50 ഘനമീറ്റര്‍ വെള്ളവും തുടര്‍ന്ന് 100 ഘനമീറ്റര്‍ വെള്ളവുമാണ് തുറന്നു വിടുക. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകിയെത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.

ഇടുക്കി ഡാമില്‍ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ പരിധി 200 ഘനമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്നും അറിയിപ്പുണ്ട്.

രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ലോവര്‍ പെരിയാറിനു താഴേക്ക് പെരിയാര്‍ നദിയില്‍ കാര്യമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. ജില്ലയില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാള്‍ താഴെയാണ്.

Top