ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനാല്‍ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ഷട്ടര്‍ കൂടി തുറന്നു. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 200 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മഴ കുറഞ്ഞ് സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെ ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് അടച്ചിരുന്നു. 168.95 മീറ്ററാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല.
അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. നിലവില്‍ 2400.18 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടില്ല. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.