ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. ബോര്‍ഡിന്റെ അംഗീകാരമായതോടെ ഏറ്റെടുക്കലിന് അനുമതി തേടി എല്‍.ഐ.സി. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിക്കും. ഇടപാടിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തില്‍ കഴിയുന്ന പൊതുമേഖലാ ബാങ്കിന് 10,000 മുതല്‍ 13,000 കോടി രൂപയുടെ മൂലധന ലഭ്യതയുണ്ടാകും. രാജ്യത്താകെ 2000 ശാഖകളാണ് ഐ.ഡി.ബി.ഐ. ബാങ്കിനുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ് . മൊത്തം നിഷ്‌ക്രിയ ആസ്തി 27. 95 ശതമാനത്തിലെത്തി . ബാങ്കിന്റെ വിപണിമൂല്യം 23000 കോടി രൂപയാണ്.