ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്‌സ് 45.03 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്‌സ് ഇടിവിലും നിഫ്റ്റി നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി സൂചികയായ സെന്‍സെക്‌സ് 45.03 പോയിന്റ് ഇടിഞ്ഞ് 38,645.07 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 3.70 പോയിന്റ് മാത്രം ഉയര്‍ന്നു 11,680.50 ലുമാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും മിഡ് ക്യാപ് ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദവും തിരിച്ചടിക്കു കാരണമായി.

ബാങ്ക്, ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പെടെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. ഹെല്‍ത്ത് കെയര്‍, ഫാര്‍മ, ഐടി എന്നീ വിഭാഗം ഓഹരികള്‍ നേട്ടമുണ്ടാക്കി. ഡോ.റെഡ്ഢീസ് ലാബ്, ടെക് മഹീന്ദ്രാ, ലൂപിന്‍, ടാറ്റാ മൊട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളുടെ വില ഉയര്‍ന്നു. യെസ് ബാങ്കിന്റെ ഓഹരി വില 5.40 ശതമാനമാണ് ഇടിഞ്ഞത്. ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് എം ആന്‍ഡ് എം, വേദാന്ത എന്നീ ഓഹരികളുടെ വിലയും താഴ്ന്നിട്ടുണ്ട്. ഇന്നു വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചിരുന്നു.

Top