തിരുവനന്തപുരം: കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു. ഇയാൾ ആശുപത്രിയിൽ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാൻ ഉണ്ട് .
കൂടാതെ കോട്ടയം ജില്ലയിൽ രണ്ടുപേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കാണ് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിച്ചിയിച്ചു.
അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യം വിവരങ്ങൾ നൽകിയെങ്കിലും ഇപ്പോൾ വിവരങ്ങൾ നൽകാൻ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂർണ വിവരങ്ങൾ നൽകുന്നില്ല. കൂടുതൽ പേരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്.