അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: ആറു ദിവസം നീണ്ട പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം. 19  വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദർശിപ്പിച്ച മേളയിൽ എട്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ ഇന്ന് 27 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ജയൻ മങ്ങാട് സംവിധാനം ചെയ്‌ത തീയാട്ടം, സജീദ് നടുത്തൊടിയുടെ ബാംബൂ ബാലഡ്സ് തുടങ്ങിയ ചിത്രങ്ങൾ ഫോക്കസ് ഷോർട്ട് ഡോക്യുമെൻ്ററി വിഭാഗത്തിൽ  പ്രദർശിപ്പിക്കുന്നുണ്ട്. അൻസാറുള്ള അനസ് സംവിധാനം ചെയ്‌ത വിശുദ്ധ അറാപ്പിയുടെ ഒന്നാം അത്ഭുത പ്രവൃത്തി, അർജുൻ കെ. സംവിധാനം ചെയ്‌ത രണ്ടു മരണങ്ങൾ, ഗബ്രിയേൽ തേജ്ദോറിന്റെ കൊമ്പിനട്ട്, ചൈനീസ് ചിത്രമായ ഡാർക്ക് റെഡ് ഫോറസ്റ്റ്, പ്രിസം തുടങ്ങിയ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ചുറ്റ്, ലൈറ്റ്, ഡസ്ക് എന്നീ മലയാള ചിത്രങ്ങളുടെ പുന:പ്രദർശനവും ഇന്നുണ്ടാകും.

വൈകിട്ട് നാലരയോടെ പ്രദർശനങ്ങൾ അവസാനിക്കും. ആറിന് ഏരീസ് പ്ലസ് എസ്എൽ തിയറ്റർ സമുച്ചയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ. കൃഷ്‌ണൻകുട്ടി, വി. അബ്ദുറഹ്മാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, രഞ്ജൻ പാലിത്ത്, ജൂറി ചെയർപേഴ്സൺ ലീനാ യാദവ്, നച്ചിമുത്തു, ഇഫാത് ഫാത്തിമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയ്.സി, എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങിൽ മേളയിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിജയചിത്രങ്ങൾ പ്രദർശിപ്പിക്കും

Top