ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍; രണ്ട് സ്ത്രീകള്‍ മരിച്ചു, നാല് പേരെ കാണാനില്ല

തൊടുപുഴ: ഇടുക്കി ഗാന്ധിനഗറില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

മലപ്പുറത്ത് പെരുങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഒരാള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രചദേശങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും കേരളം വിറക്കുകയാണ്.

മഴക്കെടുതിയില്‍ ഇന്ന് മാത്രം 20 പേരാണ് മരിച്ചത്. ഈ മാസം ഒന്‍പതു മുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 49 പേരാണ് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. 12 ജില്ലകളിലാണ് ഇതിന് മുമ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മഴ ദുരിതത്തിന് ഉടന്‍ ആശ്വാസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Top