കനത്ത മഴയില്‍ ജലനിരപ്പ് 2388 അടിയിലെത്തി; ഇടുക്കി ഡാം തുറക്കേണ്ടി വരും

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും. ജലനിരപ്പ് 2388 അടിവരെ എത്തിയിട്ടുണ്ട്, 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളായിരിക്കും ഉയര്‍ത്തുക, വൈദ്യുതി ബോര്‍ഡ് ഇതിനു തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു.

ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂമും തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പും രേഖപ്പെടുത്താന്‍ തുടങ്ങും.

ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നതും ഈ ഘട്ടത്തിലാണ്. ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു സ്ഥിതിഗതി വിലയിരുത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ്.ബാലു പറഞ്ഞു.

Top