ഇടുക്കി ഡാം തുറക്കാന്‍ സജ്ജം; വൈകിട്ടോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 11ന് തുറക്കും. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. മൂന്നുവര്‍ഷത്തിനു ശേഷമാണ് വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിയന്ത്രിതമായ അളവില്‍ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇത്തവണ ഇല്ല. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Top