തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച് 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് നീക്കം.
നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
ഇതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരമാവധി സംഭരണ പരിധിയിലെത്താന്‍ മൂന്ന് അടി മാത്രമേ ഇനി ബാക്കിയുള്ളൂ.