ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.44 അടിയായി ; അടിയന്തരയോഗം ചേര്‍ന്നു

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നതോടെ ജില്ലാ കള്ക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. റവന്യൂ,ജലസേനചന വകുപ്പ് അധികൃതരും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുകയും ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചയും ചെയ്തു.

അതിനിടെ, ജലനിരപ്പ് 2395.44 അടിയായി ഉയര്‍ന്നു. 2395.26 അടിയായിരുന്നു ഇന്ന് രാവിലത്തെ ജലനിരപ്പ്. 2397 അടിയായാല്‍ ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു. ജലനിരപ്പ് ഇനിയും ഉയര്‍ന്ന് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രതാ നിര്‍ദ്ദേശം) നല്‍കും. ഈ ഘട്ടത്തിലാണ് പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക.

അതേസമയം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Top