ഇടുക്കി ഡാം തുറന്നിട്ടും ജലനിരപ്പുയരുന്നു; 2,399.14 അടിയായി, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു. ഇപ്പോള്‍ 2,399.14 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ ഇപ്പോഴും തുടരുകയാണ്. അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാം ഇന്നലെ തുറന്നിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. 2398.90 അടിയായപ്പോഴാണ് ഉച്ചയ്ക്കു രണ്ടിന് ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 42,800 ലീറ്റര്‍ വീതം വെള്ളം ഒഴുക്കിയിട്ടും വൈകിട്ട് ആറിനു ജലനിരപ്പ് 2399.03 അടിയായി ഉയര്‍ന്നിരുന്നു.

മുല്ലപ്പെരിയാര്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്നലെ തുറന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചു. മഴ ശക്തമായാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കാം.

പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അറിയിച്ചു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയര്‍ത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

Top