കൊച്ചി: ഹൈക്കോടതി ഉത്തരവിനെ മറികടന്ന് ഇടുക്കിയിലെ അനധികൃത കെട്ടിടങ്ങള്‍ക്കടക്കം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉത്തരവിട്ട ഊര്‍ജ വകുപ്പ് സെക്രട്ടറി ബി. അശോകിനെതിരേ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.യു. ജോണാണ് ഹര്‍ജി നല്‍കിയത്.
ബൈസണ്‍വാലി, കണ്ണന്‍ദേവന്‍ വില്ലേജ്, ചിന്നക്കനാല്‍, ശാന്തന്‍പാറ, പള്ളിവാസല്‍, വെള്ളത്തൂവല്‍, ആനവിരട്ടി, ആനവിലാസം വില്ലേജുകളിലെ കെട്ടിടങ്ങള്‍ക്കു വൈദ്യുതി കണക്ഷന്‍ നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. അനധികൃത കെട്ടിടങ്ങള്‍ക്കു തടയിടുന്ന ഹൈക്കോടതി ഉത്തരവ് മനഃപൂര്‍വം ലംഘിച്ചാണ് ഇത്തരമൊരു ഉത്തരവെന്നു ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മൂന്നാര്‍ മേഖലയില്‍ റവന്യു, പഞ്ചായത്ത് അധികൃതരുടെ എന്‍ഒസിയില്ലാതെ കെട്ടിട നിര്‍മാണം അനുവദിക്കരുതെന്നു 2010 ജനുവരി 21നു ഹൈക്കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതു നിലനില്‍ക്കേയാണ് അനധികൃത കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ മേയ് ആറിന് ഉത്തരവു നല്‍കിയത്.