മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് വിവരാവകാശ രേഖ

Sreeram venkittaraman

തിരുവനന്തപുരം: കൈയേറ്റ മാഫിയകൾക്കെതിരെ ആഞ്ഞടിച്ച ഇടുക്കിയിലെ മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് വിവരാവകാശ രേഖ.

എംപ്‌ളോയിമെന്റ് ട്രെയിനിങ് ഡയറക്ടർ എന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജ്വേശരി നല്‍കിയിരിക്കുന്ന വിവരാവകാശ മറുപടി.

ജൂലൈയിലാണ് ദേവികുളം സബ് കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ മാറ്റുന്നത്.

മൂന്നാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ച ശ്രീറാമിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

വിമര്‍ശനങ്ങളെയെല്ലാം ശരിവെക്കുന്ന രീതിയിലാണ് വിവരാവകാശ രേഖകള്‍ പുറത്ത് വരുന്നത്.

പൊതു ഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കലക്ടറും എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികളാണെന്ന് വ്യക്തമാക്കുന്നു.

കേന്ദ്ര പർസണൽ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം ഐഎഎസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും പറയുന്നുണ്ട്.

അതിനാൽ തന്നെ മുഖ്യമന്ത്രി അടക്കം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രീറാം വെങ്കിട്ടരാമന് നല്‍കിയെന്ന് പറയുന്ന സ്ഥാനക്കയറ്റം തെറ്റാണ് എന്ന് തെളിയുകയാണ്.

ദേവികുളം സബ് കലക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനാണ് ശ്രീറാമിനെ സീനിയർ ടൈം സ്‌കെയിലിലേയ്ക്ക് പ്രമോഷൻ നൽകി സബ് കലക്ടർ ഗ്രേഡ് 1 ആയി ദേവികുളത്ത് തന്നെ പോസ്റ്റ് ചെയ്തത്.

ഐഎഎസ് ചട്ട പ്രകാരം അഞ്ചു വർഷത്തിന് ശേഷമേ ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഈ നിയമമാണ് സർക്കാർ തിരുത്തിയത്.

Top