മൂന്നാറില്‍ നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറുടെ സഹായിയായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. മൂന്നാര്‍ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ വഴിയില്‍ നിന്ന് റോഡില്‍ നിന്നും കുത്തനെ താഴെയുള്ള തേയില തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഡ്രൈവര്‍ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല.

അപകടത്തില്‍ മരിച്ച മുബാരിസിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവസ്ഥലത്ത് സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു.

Top