സ്റ്റോപ്പ് മെമ്മോയ്ക്ക് വിലയില്ല; ഇടുക്കിയില്‍ അനധികൃത ക്വാറി പാറ പൊട്ടിച്ച് കടത്തുന്നു

ഇടുക്കി: ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് വില കല്‍പ്പിക്കാതെ ഇടുക്കിയില്‍ അനധികൃത ക്വാറി പാറ പൊട്ടിച്ച് കടത്തുന്നു. ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് ഇരുകുട്ടിയിലാണ് സംഭവം. സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും കുഴിക്കാട്ടില്‍ ഗ്രാനൈറ്റ്‌സ് എന്ന കമ്പനിയുടെ പാറ പൊട്ടിക്കല്‍ തുടരുകയാണ്.

കോടതി ഉത്തരവിനും സ്റ്റോപ്പ് മെമ്മോക്കും പുല്ലുവില നല്‍കി ഒരോ ദിവസം നൂറിലധികം ലോഡ് പാറയാണ് പൊട്ടിച്ച് കടത്തുന്നത്. സുപ്രീംകോടതി ഉത്തരവിനും വന്യജീവി സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തേയും എതിര്‍ത്താണ് ഇവിടെ പാറ പൊട്ടിക്കല്‍ തുടരുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ഇടുക്കി വന്യജീവി സങ്കേതത്തിനടുത്തുള്ള പാറമടയ്ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിന് ക്വാറി ഉടമക്കെതിരെ നടപടിയെടുക്കാന്‍ രണ്ട് തവണയാണ് പൊലീസിനോടും വില്ലേജ് ഓഫീസറോടും ജിയോളജി വകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ ക്വാറി ഉടമക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം നേതാക്കളാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Top