ആരാകും അടുത്ത പ്രധാനമന്ത്രി?; എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാന്‍ തന്നെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2019 ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, സഖ്യകക്ഷികള്‍ സമ്മതിച്ചാല്‍ താന്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നിസ്സംശയം പറഞ്ഞ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ തുറന്നു സമ്മതിയ്ക്കുന്നത്.

ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ത്യന്‍ രാഷ്ട്രീയമെന്നും നിരവധി പാര്‍ട്ടികളും അതിന്റെ നേതൃത്വവും അനിവാര്യതയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് ബിഎസ്പി നേതാവ് മായാവതിയുടെ തീരുമാനം. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സംസ്ഥാന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് സാധ്യതയില്ലെങ്കിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതയ്ക്ക് കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. പഞ്ചാബ്, മിസോറാം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി കോണ്‍ഗ്രസിനെതിരെ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളത്. പോണ്ടിച്ചേരിയിലും കോണ്‍ഗ്രസാണ് അധികാരത്തില്‍.

മധ്യപ്രദേശിലും ബീഹാറിലും ഉത്തര്‍പ്രദേശിലും വലിയ റാലികളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കര്‍ണ്ണാടകയിലും നിരവധി തവണ അദ്ദേഹം പൊതുപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാത്തരത്തിലുമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പയറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. വിവിധ നേതാക്കളെ, പ്രത്യേകിച്ച് യുവാക്കളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രാഹുല്‍ നീക്കം നടത്തുന്നുണ്ട്. ബിജെപിയേക്കാള്‍ മുന്‍പ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ഭാരവാഹികളെ തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാഹുല്‍ ഗാന്ധിയാണ്.

നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, മമത ബാനര്‍ജി എന്നിവരാണ് ജനങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെന്ന് ഏജന്‍സികളുടെ സര്‍വ്വേകളില്‍ തെളിഞ്ഞിരുന്നു. നരേന്ദ്രമോദിയാണ് ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രി. അതിനു തൊട്ടു പുറകെ രാഹുല്‍ ഗാന്ധി. പിന്നാലെ മമത ബാനര്‍ജിയും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. വടക്കന്‍ സംസ്ഥാനങ്ങള്‍ മോദിക്കൊപ്പം നില്‍ക്കുമ്പോള്‍ തെക്കേ ഇന്ത്യ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നു. യുവാക്കളും രാഹുല്‍ ഗാന്ധി പ്രധാനമന്തി സ്ഥാനത്തേയ്ക്ക് വരുന്നതും കാത്തിരിക്കുന്നവരാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നു.

Top