പത്തനംതിട്ട: ബുറേവി ചുഴലിക്കാറ്റ് ശക്തമായി വീശിയാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. നിലവില്‍ രണ്ടായിരം പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതിയുള്ളത്. പത്തനംതിട്ട ജില്ലയിലും ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനവഴിയില്‍ മരങ്ങള്‍ ഒടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ ദര്‍ശനത്തിനെത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആലോചന. എന്നാല്‍ നിലവില്‍ വളരെക്കുറച്ച് ഭക്തര്‍ മാത്രമാണ് എത്തുന്നത് എന്നതുകൊണ്ട് തന്നെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ ആലോചിക്കൂ.
അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സംഘത്തിന്റെയും പ്രത്യേക സംഘങ്ങളും ശബരിമലയില്‍ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളുള്ള മലയോര മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.