കൊച്ചി: കോഴിക്കോട് ബൈപാസ് നിലവില്‍ വന്നതോടെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പാത ദേശീയപാതയുടെ ഭാഗമല്ലാതായെന്നു ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍.
പന്‍വേല്‍ മുതല്‍ തൃശൂര്‍ വരെയുള്ള ദേശീയപാത കോഴിക്കോട് ജില്ലയില്‍ വടകര, പയ്യോളി, വെങ്ങളം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര വഴി കടന്നു പോകുന്നുണ്ട്. ഇതു സംബന്ധിച്ചു ദേശീയപാത നിയമപ്രകാരം 1972ല്‍ ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാമനാട്ടുകര-മലാപ്പറമ്പ്-തൊണ്ടയാട് വഴി ബൈപ്പാസ് നിര്‍മിച്ചു. 2016-ല്‍ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു നല്‍കി. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് ബൈപ്പാസ് നിലവില്‍ വന്നാല്‍ ദേശീയപാതയില്‍ ഉള്‍പ്പെട്ട പഴയ റോഡ് ദേശീയപാതയുടെ ഭാഗമല്ലാതാകും. ഇതനുസരിച്ചാണ് നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പാത ദേശീയ പാത അല്ലാതായത്.
കോഴിക്കോട് നഗരത്തിലൂടെയുള്ള ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതു ചോദ്യം ചെയ്ത് രാമനാട്ടുകര സ്വദേശി സന്തോഷ് കുമാറടക്കം അഞ്ചുപേര്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.