ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിനെ വെട്ടിലാക്കി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
വോട്ടിങ് മെഷീനെതിരായുള്ള കോണ്‍ഗ്രസ് നിലപാടിനെതിരെ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി രംഗത്തെത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിങും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നിരുന്നെങ്കില്‍ താന്‍ ഈ സ്ഥാനത്ത് ഉണ്ടാകില്ലായിരുന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണത്തിലെത്താനായത്. 117 സീറ്റുകളുള്ള പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പില്‍ അകാലിദള്‍ – ബിജെപി സഖ്യത്തിനെതിരെ 77 സീറ്റുകള്‍ നേടിയാണ് അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്.
യുപിയില്‍ ബിജെപി വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാഷ്ട്രപതിയേയും ഇലക്ഷന്‍ കമ്മീഷനേയും സമീപിച്ചിരുന്നു.
മറ്റു പ്രതിപക്ഷ പാര്‍ട്ടികളേയും ചേര്‍ത്തായിരുന്നു കോണ്‍ഗ്രസ് വോട്ടിങ് മെഷീനെതിരെ രംഗത്തെത്തിയത്.