കണ്ണൂര്‍: എക്‌സിറ്റ് പോള്‍ ഫലം ഇടത് തരംഗം പ്രവചിച്ചപ്പോഴും അഴീക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ പരാജയപ്പെടുമെന്ന് പ്രവചനം വന്നതില്‍ ഞെട്ടി സിപിഎം.
ഇക്കാര്യത്തില്‍ പ്രവചനങ്ങള്‍ക്കുമപ്പുറം ഒരു വിജയം നികേഷ് കുമാറിനുണ്ടാകുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.
അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വോട്ട് മറിച്ച് നല്‍കിയെന്ന ഗുരുതരമായ ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ തന്നെ രംഗത്ത് വന്നത് വിജയകാര്യത്തില്‍ സിപിഎം നേതൃത്വത്തിനുള്ള ആശങ്ക പ്രകടമാക്കുന്നതാണ്.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലവനുമായ നികേഷ് കുമാറിന് അഴീക്കോട് പരാജയമുണ്ടായാല്‍ അത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ പോലും ബാധിക്കുമെന്നതിനാല്‍ എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ രാജ്യസഭയിലേക്ക് നികേഷിനെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്ന് പ്രമുഖ സിപിഎം നേതാവ് വെളിപ്പെടുത്തി. അടുത്ത ഒഴിവിലേക്കായിരിക്കുമിത്.
നികേഷിനെ പോലെയുള്ള ഒരു വ്യക്തിയെ രാഷ്ട്രീയ പോരാട്ടത്തില്‍ വിജയം വരിച്ചാലും പരാജയപ്പെട്ടാലും പാര്‍ട്ടി ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി (സംഘടനാ രീതി പ്രകാരം ഇത്തരം കാര്യങ്ങളില്‍ സിപിഎം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞതിനാല്‍ ഞങ്ങള്‍ അത് പരാമര്‍ശിക്കുന്നില്ല. )
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന പ്രധാന മണ്ഡലമാണ് അഴീക്കോട്. സ്ഥാനാര്‍ത്ഥിക്കെതിരായ വ്യക്തിഹത്യ മുതല്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വരെ ഇരു മുന്നണികളും പരീക്ഷിച്ച മണ്ഡലമാണിത്.
മാധ്യമ പ്രവര്‍ത്തകന്‍ എന്ന രൂപത്തില്‍ മലയാളികള്‍ക്ക് സുപരിചിതനായ നികേഷ് കുമാര്‍ ഇന്ത്യാവിഷനിലൂടെ തുടക്കമിട്ട പുതിയ വാര്‍ത്താ സംസ്‌കാരമാണ് ഇപ്പോള്‍ മറ്റെല്ലാ ചാനലുകളും സംസ്ഥാനത്ത് പിന്‍തുടരുന്നത്.
വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ് മറ്റ് ലീഗ് നേതാക്കളില്‍ നിന്ന് കെ എം ഷാജിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെയാണ് അഴീക്കോട് പ്രവചനാതീതമാകുന്നതും.
സ്ഥാനാര്‍ത്ഥികളുടെ ഈ വ്യക്തിപരമായ ട്രാക്ക് റെക്കോര്‍ഡ് അഴീക്കോട്ടെ നിഷ്പക്ഷമതികളായ ഒരു വിഭാഗം വോട്ടര്‍മാരെയും ധര്‍മ്മസങ്കടത്തിലാക്കിയിരുന്നു.തങ്ങള്‍ക്ക് രണ്ട് വോട്ടുണ്ടെങ്കില്‍ എന്ന് പ്രതികരിച്ചവര്‍ വരെ ഈ രാഷ്ട്രീയ മണ്ഡലത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം.