കൊല്‍ക്കത്ത: ഇന്ത്യയെ സ്വന്തം രാജ്യമായി കാണുന്നവര്‍ പശുവിനെ അമ്മയായി പരിഗണിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്.
പശു സംരക്ഷകര്‍ രാജ്യത്ത് സംഘര്‍ഷങ്ങളുണ്ടാക്കുന്നില്ല. മറിച്ച് പശുക്കളെ കടത്തുന്നവരാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നതെന്നും ദാസ് പറഞ്ഞു.
സംഘപരിവാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് അവരെ കുറ്റം പറയേണ്ടെന്നും രഘുബര്‍ ദാസ് പറഞ്ഞു.
പശുസംരക്ഷണമെന്ന പേരില്‍ ദളിതര്‍ക്കെതിരെ അക്രമണം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കഴിഞ്ഞയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.
ദളിതരെ അക്രമിക്കേണ്ടവര്‍ക്ക് തന്നെ അക്രമിക്കാമെന്നും രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്നുമുള്ള മോദിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പി. നേതാവ് കൂടിയായ രഘുബര്‍ ദാസ് പശുസംരക്ഷകരെ പിന്തുണച്ച് രംഗത്തെത്തിയത്.
നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും പെട്ടവരായാലും പശുവിനെ അമ്മയായി കണക്കാക്കണം. അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും രഘുബര്‍ ദാസ് പറഞ്ഞു. എന്നാല്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ആരും നിയമം കൈയിലെടുക്കുന്നത് ശരിയല്ല.
പക്ഷെ പശുക്കടത്തും പശുക്കളെ കശാപ്പ് ചെയ്യുന്നതും ക്രിമനല്‍ കുറ്റമായാണ് താന്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.