കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദമോഹികൾ തന്നെ അരഡസനോളം വരും. ശശി തരൂർ , രമേശ് ചെന്നിത്തല, വി.ഡി സതീശൻ , കെ.സി വേണുഗോപാൽ, വി.എം സുധീരൻ , കൊടിക്കുന്നിൽ സുരേഷ് എന്നിവർ , കോൺഗ്രസ്സിന് അധികാരം ലഭിച്ചാൽ , മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരാണ്. യു.ഡി.എഫിൽ , മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ, ഇത്തവണ മുസ്ലിംലീഗിന് വലിയ പങ്കാണ് ഉണ്ടാകുക.
കാരണം, മുൻകാലങ്ങളിൽ, കെ.കരുണാകരൻ , എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നീ തലമുതിർന്ന നേതാക്കൾ കോൺഗ്രസ്സിനെ നയിക്കാൻ ഉണ്ടായിരുന്നതിനാൽ , പ്രത്യേകിച്ച് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ്സിന് ഉയർത്തിക്കാട്ടേണ്ടി വന്നിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇവരാരും തന്നെ ഇപ്പോൾ ചിത്രത്തിലില്ല. ആന്റണിയാകട്ടെ വിശ്രമ ജീവിതത്തിലുമാണ്. ഈ സാഹചര്യത്തിൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ… ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ ഇല്ലങ്കിൽ, പണി പാളുമെന്നാണ് , മുസ്ലീംലീഗ് നേതാക്കൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ, പിന്നെ… യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഉണ്ടാകാനും സാധ്യതയില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് , ലീഗ് കരുക്കൾ നീക്കുന്നത്. അധികാര മോഹികളായ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിലടിക്ക് കടിഞ്ഞാണിടാൻ , ലീഗ് തന്നെ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ട് വയ്ക്കാനാണ് ഒരുങ്ങുന്നത്. അതിന് അവർ പ്രധാനമായും പരിഗണിക്കുന്നത് ശശി തരൂരിനെയാണ്. കോൺഗ്രസ്സ് വർക്കിംങ്ങ് കമ്മറ്റി അംഗം കൂടി ആയതിനാൽ , തരൂരിനെ മാറ്റി നിർത്താൻ, കോൺഗ്രസ്സ് ഹൈക്കമാന്റിനു പോലും കഴിയില്ലന്നാണ് കണക്കു കൂട്ടൽ. ലീഗ് അത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചാൽ , ഇപ്പോഴത്തെ സാഹചര്യത്തിൽ , കോൺഗ്രസ്സിനു അത് തള്ളിക്കളയാൻ കഴിയുകയുമില്ല. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് , മുഖ്യാതിഥിയായി തരൂരിനെ ലീഗ് ക്ഷണിച്ചതും , നിയസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ്. യു.ഡി.എഫിനു അടുത്ത തവണ അധികാരം ലഭിക്കുകയാണെങ്കിൽ , ഉപമുഖ്യമന്ത്രി പദവും ലീഗ് ലക്ഷ്യമിടുന്നുണ്ട്.
യു.ഡി.എഫിലെ സ്ഥിതി ഇതാണെങ്കിൽ… മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയിലും കാര്യങ്ങൾ അത്ര വെടിപ്പല്ല. നേതാക്കൾക്കിടയിലെ ഭിന്നത ഇപ്പോഴും , പഴയ പോലെ തന്നെയാണ് തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിയെ സുരേഷ് ഗോപി മുന്നിൽ നിന്നും നയിക്കണമെന്നതാണ് , പ്രവർത്തകരുടെ വികാരം. ലോകസഭ തിരഞ്ഞെടുപ്പിൽ , തൃശൂരിൽ നിന്നും സുരേഷ് ഗോപി വിജയിച്ചാൽ , നിയമസഭാ തിരഞ്ഞെടുപ്പിൽ , സുരേഷ് ഗോപിയെ മുൻ നിർത്തിയുള്ള ഒരു സ്ട്രാറ്റർജിയാകും ബി.ജെ.പി പുറത്തെടുക്കുക. സുരേഷ് ഗോപി വിജയിച്ചാലും ഇല്ലങ്കിലും , കേന്ദ്രത്തിൽ മൂന്നാം തവണയും മോദി അധികാരത്തിൽ വന്നാൽ , കേന്ദ്രമന്ത്രി സ്ഥാനത്തേക്കും സുരേഷ് ഗോപി പരിഗണിക്കപ്പെടും. കോൺഗ്രസ്സിലെ അധികാര തർക്കം, ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പൊട്ടിത്തെറിയിൽ എത്താനും , മുതിർന്ന നേതാക്കൾ ഉൾപ്പെടെ, ബി.ജെ.പിയിലേക്ക് കളം മാറ്റി ചവിട്ടാനുമുള്ള സാധ്യതയും , എന്തായാലും തള്ളിക്കളയാൻ കഴിയുന്നതല്ല.
കെ മുരളീധരനും കെ സുധാകരനും ചെന്നിത്തലയും ഉൾപ്പെടെ, പല നേതാക്കളുടെയും ബി.ജെ.പി പ്രവേശനം മുൻപ് ചർച്ചയായിട്ടുണ്ടെങ്കിലും, അതെല്ലാം , നിഷേധിക്കുന്ന സമീപനമാണ് നേതാക്കൾ സ്വീകരിച്ചിരുന്നത്. നിലവിലെ നിലപാട് ഇതു തന്നെയാണെങ്കിലും , കോൺഗ്രസ്സിൽ തങ്ങളുടെ ഭാവി സുരക്ഷിതമല്ലന്നു കണ്ടാൽ , ഇവരെല്ലാം , എപ്പോൾ വേണമെങ്കിലും കൂടുമാറാൻ സാധ്യത ഏറെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനു പിന്നിൽ ഇരിക്കേണ്ടി വരുന്നത് , രമേശ് ചെന്നിത്തലയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമാണ്. ചെന്നിത്തലയുടെ കീഴിൽ പ്രവർത്തിച്ച കെ.സി വേണുഗോപാൽ , പാർട്ടിയെ നിയന്ത്രിക്കുന്ന പദവിയിൽ എത്തിയതും , അദ്ദേഹത്തിന് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഈ അവഗണനയിൽ മനംമടുത്തിരിക്കുമ്പോഴാണ് , ശശി തരൂരിനെ കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് , ദേശീയ നേതൃത്വം തിരഞ്ഞെടുത്തിരുന്നത്. രമേശ് ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കി ഒതുക്കി, തരൂരിനു നൽകിയ ഈ പ്രമോഷനോട് കൂടി,കോൺഗ്രസ്സിൽ നിന്നിട്ട് കാര്യമില്ലന്ന ചിന്തയിലാണ് ചെന്നിത്തല ഉള്ളത്.
എ.കെ ആന്റണി മുഖ്യമന്ത്രിയായ ഘട്ടത്തിൽ , കെ.പി.സി.സി അധ്യക്ഷനായിരുന്ന കെ മുരളീധരനും, പാർട്ടി അർഹതപ്പെട്ട പരിഗണന നൽകാത്തതിൽ രോഷാകുലനാണ്. കെ സുധാകരനാകട്ടെ, കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം കൈവിട്ടാൽ , എന്തു നിലപാടാണ് സ്വീകരിക്കുക എന്നതും പ്രസക്തമാണ്. ക്ലീൻ ഇമേജുണ്ടായിട്ടും , അർഹമായ പരിഗണന ലഭിക്കാതെ ഒതുക്കപ്പെടുന്നതിൽ, വി.എം സുധീരനും കടുത്ത അതൃപ്തിയിലാണ് ഉള്ളത്. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കതെ തഴഞ്ഞാൽ, വി.ഡി സതീശൻ എന്തു നിലപാടാണ് സ്വീകരിക്കുക എന്നതും , കണ്ടു തന്നെ അറിയണം. നേതാക്കൾക്കിടയിലെ ഈ അതൃപ്തി തന്നെ ആയിരിക്കും , നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറുക.
നിലവിൽ യു.ഡി.എഫിന്റെ കൈവശമുള്ള 19 സീറ്റുകളിൽ എത്ര എണ്ണം നഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ച് , വി.ഡി സതീശന്റെയും കെ സുധാകരന്റെയും കസേരകളും ഇളകും. പകുതിയിൽ കൂടുതൽ സീറ്റുകൾ നഷ്ടമായാൽ , തീർച്ചയായും , സതീശനും… കെ സുധാകരനും പദവികൾ ഒഴിയേണ്ടി വരും. ആ ഘട്ടത്തിലാണ് , മുസ്ലിംലീഗിന്റെ നിലപാടും നിർണ്ണായകമാവുക. പ്രതിപക്ഷത്തെ അവസ്ഥ ഇതാണെങ്കിൽ , ഇടതുപക്ഷത്തെ അവസ്ഥ വ്യത്യസ്തമാണ്. നേതാക്കൾ തമ്മിലുള്ള ഒരുഅധികാരവടംവലിയും ഇടതുപക്ഷത്തില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നു പോലും ചൂണ്ടിക്കാട്ടാതെ, നയങ്ങളും നിലപാടുകളും മുൻ നിർത്തിയാണ് ഇടതുപക്ഷം വോട്ട് പിടിക്കാൻ പോകുന്നത്. പിണറായി മത്സരിച്ചാലും ഇല്ലങ്കിലും , ഇടതുപക്ഷത്ത് മുഖ്യമന്ത്രി പദം വഹിക്കാൻ , യോഗ്യരായ അനവധി പേരുണ്ട്. ഇതിൽ അപ്രതീക്ഷിതമായ വ്യക്തികൾ കടന്നു വന്നാലും, അത്ഭുതപ്പെടേണ്ടതില്ല. സി.പി.എം പി.ബി അംഗങ്ങളായി കേരളത്തിൽ നിന്നുള്ളത്, പിണറായി വിജയൻ , എം എ ബേബി , എ വിജയ രാഘവൻ എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ്. ഇവരിൽ ആരൊക്കെ , നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന, സി.പി.എം തീരുമാനമാണ് , അധികാര തുടർച്ച ലഭിച്ചാൽ , മുഖ്യമന്ത്രി പദത്തിലും നിർണ്ണായകമാവുക.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ്സിൽ , ഏതെങ്കിലും നേതാവിനു പകരം പുതുതായി ആരെങ്കിലും പി.ബിയിൽ എത്തിയാലും , അത്ഭുതപ്പെടേണ്ടതില്ല. അത്തരമൊരു സാഹചര്യത്തിൽ , ആ പേരും പരിഗണിക്കപ്പെടും. കൂടുതൽ പി.ബി അംഗങ്ങളെ മത്സരിപ്പിക്കുന്ന പതിവ് സി.പി.എമ്മിന് ഇല്ലാത്തതിനാൽ , പാർട്ടി മത്സരിക്കാൻ നിശ്ചയിക്കുന്ന പി.ബി അംഗത്തിനു തന്നെയാണ് , മുഖ്യമന്ത്രി പദവിയിലേക്ക് സാധ്യത തെളിയുക. പി.ബി അംഗങ്ങൾ അലെങ്കിലും , മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന , ജനകീയരായ രണ്ട് കേന്ദ്രകമ്മറ്റി അംഗങ്ങൾ ,സി.പി.എമ്മിനുണ്ട്. അത് … കെ.കെ ശൈലജ ടീച്ചറും , കെ രാധാകൃഷ്ണനുമാണ്. നായനാർ മന്ത്രിസഭയിൽ , പിണറായി വിജയനൊപ്പം മന്ത്രിയായിരുന്ന സി.പി.എം നേതാവാണ് കെ രാധാകൃഷ്ണൻ. ഒരു ദളിത് മുഖ്യമന്ത്രി വേണം എന്ന് സി.പി.എം. തീരുമാനിച്ചാൽ , രാധാകൃഷ്ണനു തന്നെ നറുക്ക് വീഴും. ഗൗരിയമ്മക്ക് ലഭിക്കാത്ത ഭാഗ്യം, കെ.കെ ശൈലജയ്ക്കു ലഭിച്ചാൽ , ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന പദവിയും അവരെ തേടിയെത്തും.
ഇതൊക്കെ , ഇടതുപക്ഷത്തിന് വീണ്ടും അധികാരം ലഭിച്ചാൽ … സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ്. എന്തൊക്കെ വിവാദങ്ങൾ ഉയർത്തിയിട്ടും , ഇടതുപക്ഷത്തിന് ശക്തമായ ഒരു ബദൽ സൃഷ്ടിക്കാൻ ,ഇതുവരെ… കേരളത്തിലെ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. അതു തന്നെയാണ് , ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ , കഴിഞ്ഞ തവണ നേടിയ ഏക സീറ്റിൽ , എത്ര കൂടുതൽ നേടിയാലും , ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വലിയ നേട്ടം തന്നെയാകും. ഇവിടെ… നഷ്ടപ്പെടാനുള്ളത് , യു.ഡി.എഫിനു മാത്രമാണ്. രാഹുൽ ഇഫക്ടിൽ , കഴിഞ്ഞതവണ നേടിയ 19 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ, വമ്പൻ തിരിച്ചടിയായാണ് മാറുക. ഇടതുപക്ഷ സർക്കാറിനെതിരെ ഉയർത്തിയ സകല ആരോപണങ്ങളും , അതോടെ ‘ആവിയായി ‘ മാറും. പിന്നെ അതെടുത്ത് …നിയമസഭാ തിരഞ്ഞെടുപ്പിലും , പ്രയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ് സംജാതമാകുക.
EXPRESS KERALA VIEW