ന്യൂഡല്‍ഹി: രാജ്യത്ത് പിസയും സ്മാര്‍ട്ട് ഫോണും ഡ്രസും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് വീടുകളില്‍ റേഷന്‍ എത്തിച്ചുകൂടാ എന്ന ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതിക്ക് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ശക്തരായ റേഷന്‍ മാഫിയ ഈ പദ്ധതി പൊളിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘നിങ്ങള്‍ റേഷന്‍ മാഫിയക്കൊപ്പം നില്‍ക്കുകയില്ലെങ്കില്‍ പിന്നെ ആരാണ് പാവങ്ങള്‍ക്കൊപ്പം നില്‍ക്കുക’ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ എല്ലാവരുമായി യുദ്ധത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനര്‍ജി, മഹാരാഷ്ട്ര, ഡല്‍ഹി, ഝാര്‍ഖണ്ഡിലെ കര്‍ഷകര്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ ജനങ്ങള്‍ നിരാശരാണ്. ഇത്തരത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നാല്‍ നാം കോവിഡിനെ ചെറുക്കുന്നത് എങ്ങനെയാണ്? അദ്ദേഹം ചോദിച്ചു.
പദ്ധതികളുടെ നടത്തിപ്പിന് ഡല്‍ഹി സര്‍ക്കാറിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുവാദത്തിന്റെ ആവശ്യമില്ല. എങ്കിലും വിവാദം ഒഴിവാക്കാനായി അഞ്ചു തവണയെങ്കിലും ഞങ്ങള്‍ അനുവാദം തേടുന്നുണ്ട്.- കെജ്‌രിവാള്‍ പറഞ്ഞു.