ബി.ജെ.പി വീണ്ടും അധികാരം പിടിച്ചാൽ തെറിക്കുക നാല് സംസ്ഥാന ഭരണം . . . !

വീണ്ടും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക എന്ന കാര്യം കൂടി നാം പരിശോധിക്കുന്നത് നല്ലതാണ്.

പകയുടെ രാഷ്ട്രിയമായിരിക്കും ഇനി ഒരു എന്‍.ഡി.എ ഭരണം കേന്ദ്രത്തില്‍ വന്നാല്‍ പയറ്റുക. റോബര്‍ട്ട് വദ്ര എന്ന സോണിയാ ഗാന്ധിയുടെ മരുമകന്‍ ഇപ്പോള്‍ തന്നെ അറസ്റ്റിന്റെ നിഴലിലാണ്. വീണ്ടും മോദി വന്നാല്‍ വദ്രക്ക് ജയില്‍ ജീവിതം ഉറപ്പിക്കാവുന്നതാണ്.

മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം,മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ സ്ഥിതിയും വ്യത്യസ്തമാകില്ല. ഏറ്റവും ശക്തമായ ഭീഷണി കാവി ഭരണത്തില്‍ നേരിടുക കേരള, കര്‍ണ്ണാടക, ബംഗാള്‍, ഡല്‍ഹി സര്‍ക്കാരുകളാണ്.

കര്‍ണ്ണാടക ഭരണം ഇപ്പോള്‍ തന്നെ തുലാസിലാണ്.കേരളത്തിലും ബംഗാളിലുമാകട്ടെ നിലവിലെ സര്‍ക്കാരുകളെ പിരിച്ചുവിട്ടേ മതയാകൂ എന്ന കര്‍ക്കശ നിലപാടില്‍ ആര്‍.എസ്.എസ് നേതൃത്വം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഈ മൂന്ന് സര്‍ക്കാരുകളും മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ പിരിച്ചുവിടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

രാജ്യത്ത് നിലവില്‍ ബി.ജെ.പിയുടെ ഏറ്റവും കടുത്ത ശത്രുക്കളായ രാഷ്ട്രീയ നേതാക്കള്‍ മമതയും പിണറായിയും അരവിന്ദ് കെജരിവാളുമാണ്.പ്രധാനപ്പെട്ട ഈ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് മോദി സര്‍ക്കാരിന്റെ കണ്ണിലെ കരട് .

അവസരവാദ നിലപാട് എടുത്തും മലക്കം മറിഞ്ഞും പരിചയമുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതയും കര്‍ണ്ണാടക മുഖ്യമന്ത്രി കുമരസ്വാമിയും സംസ്ഥാനഭരണം നിലനിര്‍ത്താന്‍ മലക്കം മറിയാനും സാധ്യതയുണ്ട്.മുന്‍പ് ബി.ജെ.പിയുമായി കൂട്ടു കൂടിയ ചരിത്രം ഇരുവര്‍ക്കും ഉള്ളതിനാല്‍ ഈ നീക്കം തള്ളികളയാന്‍ കഴിയില്ല.

ആത്യന്തികമായി കാവിപ്പടയെ അധികാരത്തില്‍ നിന്നും തുരുത്തുന്നതിനു വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ അടവുകളും പയറ്റുന്നത്. കേന്ദ്രത്തില്‍ ബിജെപി ഒറ്റകക്ഷിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത തെളിഞ്ഞാല്‍ ഈ അടവ് നയം പൊളിയും.

സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി വകുപ്പ് വിഭാഗങ്ങളുടെ നോട്ടപ്പുള്ളികളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരില്‍ പലരും കളം മാറ്റി ചവിട്ടാന്‍ നിര്‍ബന്ധിക്കപ്പെടും. ഈ കണക്ക് കൂട്ടലില്‍ തന്നെയാണ് ബി.ജെ.പിയും പദ്ധതികള്‍ തയ്യാറാക്കുന്നത്.

എങ്ങനെയും ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്. പരമാവധി സീറ്റുകള്‍ നേടുക ,ഭൂരിപക്ഷം തികഞ്ഞില്ലങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ റാഞ്ചുക. ഇതാണ് തന്ത്രം.ഇതിനായി ഒരു മുഴം മുന്‍പേയാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. റോബര്‍ട്ട് വദ്രക്കെതിരായ നടപടി വേഗത്തിലാക്കിയത് തന്നെ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കാനാണ്.

പ്രിയങ്ക തരംഗം ഉണ്ടാക്കുമെന്ന കോണ്‍ഗ്രസ്സ് സ്വപ്നം അവരുടെ ഭര്‍ത്താവിന്റെ കളങ്കിത പശ്ചാത്തലത്തില്‍ തന്നെ തട്ടി തകരുമെന്നാണ് ബി.ജെ.പി കരുതുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടാനായ വിജയം ആവര്‍ത്തിക്കാതെ തടയും. ഇതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് മുന്നറ്റം തടയാനാണ് നീക്കം.

നവനിര്‍മ്മാണ സേനയുമായും എന്‍.സി.പിയുമായി രഹസ്യധാരണ ഉണ്ടാക്കാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ നീക്ക് പോക്കിനാണ് ബിജെപി ശ്രമിക്കുന്നത്,ശിവസേന ഉടക്കിലായ സാഹചര്യത്തിലാണ് ഈ മുന്‍ കരുതല്‍.ഇവിടെ കര്‍ഷക പ്രക്ഷോഭമാണ് ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി.

ഇപ്പോള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതോടൊപ്പം ബംഗാളിലും കര്‍ണ്ണാടകയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അപ്രതീക്ഷിത നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

യു.പിയില്‍ സമാജ് വാദി പാര്‍ട്ടി ബി.എസ്.പി സഖ്യവും കോണ്‍ഗ്രസ്സും വെവ്വേറെ മത്സരിക്കുന്നതിനാല്‍ അതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ യുപിയിലെ 80 സീറ്റില്‍ 71ഉം തൂത്ത് വാരിയതാണ് നരേന്ദ്രമോദിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കരുത്ത് നല്‍കിയത്. അതു കൊണ്ട് തന്നെ യു.പി വിട്ട ഒരു കളിക്കും മോദിയോ ബി.ജെ.പിയോ തയ്യാറുമല്ല.

Top