തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടി പി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത കേസില്‍ തിരിച്ചടി നേരിട്ടാല്‍ അപ്പീല്‍ നല്‍കി കേസ് നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ നീക്കം.
കേന്ദ്ര സര്‍ക്കാര്‍ സെന്‍കുമാറിന് അനുകൂലമായ നിലപാട് സിഎടിയില്‍ സ്വീകരിച്ച സ്ഥിതിക്കാണ് ഈ മുന്‍കരുതല്‍. സിഎടിയില്‍ അനുകൂല തീരുമാനം അഥവാ ഉണ്ടായില്ലെങ്കില്‍ പോലും സുപ്രീംകോടതിയില്‍ വരെ പോകാന്‍ സെന്‍കുമാര്‍ തീരുമാനിച്ച സ്ഥിതിക്ക് ഒടുവില്‍ അദ്ദേഹത്തിന് അനുകൂല വിധി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.
അതേസമയം, സെന്‍കുമാറിനെ മാറ്റുന്നതിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ജിഷ കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം എന്നീ വാദങ്ങള്‍ കോടതിയില്‍ പൊളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സെന്‍കുമാറിന്റെ അഭിഭാഷകന്‍.
സിഎടിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ അഡ്വക്കറ്റ് ജനറല്‍ തന്നെ നേരിട്ടാണ് സര്‍ക്കാരിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച കോടതി പരിഗണിക്കും.
സെന്‍കുമാറിന് അനുകൂലമായ വിധി ലഭിച്ചാല്‍ തന്നെ അദ്ദേഹം തിരിച്ച് ചാര്‍ജ്ജെടുത്ത് അപ്പോള്‍ തന്നെ വിആര്‍എസ് എടുത്ത് പോകുമെന്നാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാഹചര്യം പോലും ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ കരുനീക്കം.
കോടതി അനുകൂലമായി വിധിക്കുകയും സെന്‍കുമാര്‍ ചാര്‍ജെടുക്കുന്നത് ഒഴിവാക്കാനുള്ള ‘ശ്രമത്തിനെതിരെ’ ശക്തമായ ഇടപെടല്‍ ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂല വിധി സമ്പാദിച്ചാല്‍ പോലും സെന്‍കുമാറിന് ചാര്‍ജെടുക്കാന്‍ കഴിയു.
പൊലീസ് ആസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രമുണ്ടാകുന്ന ഈയൊരു സാഹചര്യം ഒഴിവാകണമെന്നാണ് സര്‍ക്കാരിന് പുറമേ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നത്.
ഇനി ഒരു വര്‍ഷത്തോളം മാത്രം സര്‍വ്വീസുള്ള സെന്‍കുമാര്‍ തുടരാന്‍ തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ അത് പൊലീസ് ഭരണത്തെ തന്നെ സാരമായി ബാധിച്ചേക്കും.
സെന്‍കുമാറിനെ തഴഞ്ഞ് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയിലേക്ക് ബഹ്‌റയെ മാറ്റി നിയമിച്ച് പൊലീസിനെ ഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് നിലവിലുള്ള പൊലീസ് സംവിധാനത്തെ തന്നെ താറുമാറാക്കും.
പൊലീസ് ചട്ടപ്രകാരം സംസ്ഥാന പൊലീസ് മേധാവി ആരായാലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക എന്നതാണ് സേനയിലെ ഓരോ അംഗത്തിന്റെയും കര്‍ത്തവ്യം.
നിലവില്‍ ബഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന്റെ വികാരങ്ങള്‍ കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ സിഎടിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്നിരിക്കെ കേരള സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ സ്ഥലം മാറ്റിയത് ശിക്ഷയല്ലെന്നും പുതിയ തസ്തികയില്‍ ശമ്പളം അലവന്‍സുകള്‍ക്ക് മാറ്റമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിലനിര്‍ത്തുന്നത് പൊതുജന താല്‍പര്യത്തിന് നിരക്കുന്നതല്ലെന്ന പൂര്‍ണ്ണബോധ്യത്തിലാണ് മാററിയതെന്നും സിഎടിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പുറ്റിങ്ങല്‍,ജിഷ കേസുകളുടെ കൈകാര്യത്തിലെ വീഴ്ചയാണ് നടപടിക്ക് കാരണമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കൃത്യമായും വ്യക്തമാക്കിയിട്ടുണ്ട്.
സെന്‍കുമാറിന്റെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ പുറ്റിങ്ങള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന പുതിയ വാദവുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
വീഴ്ച കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍, സ്ഥലം മാറ്റം, അച്ചടക്ക നടപടി എന്നിവക്ക് ശുപാര്‍ശ ചെയ്യുകയെന്നത് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രാഥമിക കര്‍ത്തവ്യമാണ്. രണ്ട് കേസുകളിലും വീഴ്ചയുണ്ടായിട്ടും ഇത്തരം നടപടിയുണ്ടായില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സാധാരണ വകുപ്പ് മേധാവി നല്‍കുന്ന ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടിയെടുക്കാറുള്ളത്. സര്‍ക്കാര്‍ നേരിട്ട് നടപടിയെടുത്തില്ലെന്ന് സെന്‍കുമാര്‍ പറയുന്നത് സ്വന്തം വീഴ്ച മറച്ച് വയ്ക്കാനാണ്.
പൊലീസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരുന്നുവെന്ന് പറയുന്നതും ന്യായീകരിക്കാനുള്ള പാഴ്ശ്രമമാണ്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ-ശമ്പള നിര്‍ണ്ണയ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയിലാക്കി 2015 ജൂണ്‍ 24ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന സെന്‍കുമാര്‍ കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം.
സെന്‍കുമാറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തമായ പക്ഷം പിടിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടി രംഗത്ത് വന്നതോടെ ദേശീയതലത്തില്‍ തന്നെ ഈ കേസ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉറ്റുനോക്കുകയാണ്.
ഗുജറാത്ത് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ മുന്‍പും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും സര്‍വ്വീസില്‍ തുടരുന്ന ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഏറ്റമുട്ടലിന്റെ പാതയിലേക്ക് വരുന്നത് അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.