കണ്ണൂർ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിതരണം ചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കേന്ദ്രത്തിന്റേതെങ്കിൽ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണംചെയ്തില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തത്. മുഖ്യമന്ത്രി ചോദിച്ചു.
കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കാം എന്നാണ് കേരളത്തിലെ ബിജെപി-കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.