ഇടതുപക്ഷ സർക്കാറിനെ പിരിച്ചുവിട്ടാൽ, അതോടെ പ്രതിപക്ഷം തരിപ്പണമാകും

കേന്ദ്ര ഭരണം ഉപയോഗിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ താഴെയിറക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ ഗവർണ്ണായി കേരളത്തിലേക്ക് അയച്ചത് ബി ജെ പിയാണെന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗവർണ്ണറും സർക്കാരും തമ്മിലുള്ള പോരും വിഴിഞ്ഞം സംഘർഷവും മുൻ നിർത്തി വിലയിരുത്തുമ്പോൾ കെ സുരേന്ദ്രന്റെ മുന്നറിയിപ്പിനെ നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല. വിഴിഞ്ഞത്ത് സംഘപരിവർ സംഘടനകൾ നടത്തിയ മാർച്ച് പോലും ആസൂത്രിതമാണ്.

പൊലീസ് സ്റ്റേഷനെയും ആളുകളെയും ഒരു വിഭാഗം ആക്രമിക്കുമ്പോൾ അതിനെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ലന്നതാണ് ആർ.എസ്.എസും ബി.ജെ.പിയും ആരോപിക്കുന്നത്. എന്നാൽ വിഴിഞ്ഞം സംഘർഷം ഒരു കലാപമായി മാറാതിരിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. അടിച്ചമർത്തലിന് മുൻപ് സമവായമാണ് തേടുന്നത്. വിഴിഞ്ഞം പോലുള്ള സെൻസിറ്റീവ് പ്രദേശങ്ങളിൽ ഇത്തരമൊരു നിലപാട് അനിവാര്യവുമാണ്.

അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലും വർഗ്ഗീയ പരാമർശങ്ങൾ നടത്തിയ സംഭവത്തിലും വിഴിഞ്ഞം സമരസമിതിയുടെ ഉന്നതർ ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയാക്കാനും പൊലീസ് തയ്യാറായിട്ടുണ്ട്. ഇനിയും പ്രകോപനം തുടർന്നാൽ കർശന നടപടിയിലേക്ക് പോകാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. നിലവിലെ ഈ അവസ്ഥ പ്രയോജനപ്പെടുത്തി കേന്ദ്ര സർക്കാർ കേരള സർക്കാറിനെ പിരിച്ചുവിടുമെന്നാണ് ബി.ജെ.പി നേതാക്കൾ കരുതുന്നത്.

ഗവർണ്ണർ – സർക്കാർ ‘പോരും’ കേന്ദ്രത്തിലേക്ക് അയക്കുന്ന റിപ്പോർട്ടിനെ സ്വാധീനിക്കുമെന്നാണ് സംഘപരിവാർ കണക്കു കൂട്ടുന്നത്. എന്നാൽ പരിവാർ നേതാക്കളുടെ ഈ സ്വപ്നം സ്വപ്നമായി അവശേഷിക്കാൻ തന്നെയാണ് സാധ്യത. അതിന്റെ പ്രധാന കാരണം ഒരു സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാറിനുള്ള പരിമിതിയാണ്. രാഷ്ട്രീയ അജണ്ട മുൻ നിർത്തി മുൻപ് ഇത്തരം നിലപാട് സ്വീകരിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടതും രാജ്യം കണ്ടതാണ്.

പ്രബുദ്ധരായ ജനതയുള്ള കേരളത്തിൽ ഗവർണ്ണർ ഭരണം ഏർപ്പെടുത്തുകയാണെങ്കിൽ രാജ്യത്തെ മറ്റേത് സംസ്ഥാനത്തും ഗവർണ്ണർ ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാറിനു എളുപ്പത്തിൽ കഴിയും. അക്കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല. ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും എതിരായ അത്തരം നിലപാട് മോദി സർക്കാർ സ്വീകരിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

കേരളം…. ഒരു കേന്ദ്ര ഭരണ പ്രദേശമൊന്നുമല്ല. അഥവാ സർക്കാരിനെ പിരിച്ചു വിട്ടാൽ പോലും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ആരുടെ മേൽ നോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാലും ബി.ജെ.പി എന്തായാലും അധികാരത്തിൽ വരാൻ പോകുന്നില്ല. യു.ഡി.എഫിനാകട്ടെ ഉള്ള ആത്മവിശ്വാസം പോലും നഷ്ടമാവുകയും ചെയ്യും. ബി.ജെ.പി സർക്കാർ പിണറായി സർക്കാറിനെ പിരിച്ചു വിട്ടാൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾ പോലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാനാണ് സാധ്യത. ഇക്കാര്യം തിരിച്ചറിയുന്നത് കൊണ്ടാണ് ‘സർക്കാറിനെ പിരിച്ചു വിട്ടാൽ’ അപ്പോൾ കാണാമെന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്.

സർവ്വകലാശാലാ വിഷയവുമായി ബന്ധപ്പെട്ട് ഗവർണ്ണറുമായി ഉടക്കിയ സർക്കാർ യഥാർത്ഥത്തിൽ മോദി സർക്കാറിനെ വെല്ലുവിളിച്ചിരിക്കുക തന്നെയാണ്. ആ ആത്മവിശ്വാസത്തെ ഉലക്കാനൊന്നും കെ. സുരേന്ദ്രന്റെ പ്രതികരണം കൊണ്ട് കഴിയുകയില്ല. കേരളത്തിലെ രാഷ്ട്രീയ – സാമുദായിക സമവാക്യങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിന് അനുകൂലമാണ്.

ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ മാത്രമല്ല ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ പോലും ആ മാറ്റം പ്രകടമാണ്. മുസ്ലിംലീഗ് പോലും ഒരു ബർത്ത് കിട്ടിയാൽ ഇടത്തോട് ചാടാനാണ് തയ്യാറെടുക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിനെ വലിച്ച് താഴെയിട്ട് അധികാര കസേരയിൽ കയറി ഇരിക്കാമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ അതെല്ലാം വ്യാമോഹങ്ങൾ മാത്രമായി തീരാനാണ് സാധ്യത.

EXPRESS KERALA VIEW

Top