ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്നോക്കം പോയ ഡൊണാള്‍ഡ് ട്രംപിന്റെ നിലനില്‍പ്പിന്റെ ആവശ്യം കൂടിയാണത്. ഇന്ത്യ – ചൈന യുദ്ധമുണ്ടായാല്‍ ഇടപെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സകല നീക്കങ്ങളും. കോവിഡ്, വംശീയ കൊലപാതകങ്ങള്‍ എന്നിവ കൈകാര്യം ചെയ്ത രീതിയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധം മറികടക്കാന്‍ കൂടിയാണ് ഈ നീക്കം. ചൈനീസ് കടലിടുക്കില്‍ ഇപ്പോള്‍ തന്നെ അമേരിക്കന്‍ സേനയുടെ സാന്നിധ്യം ശക്തമാണ്. ഇനി ഇടപെടാന്‍ ഒരു പ്രധാന കാരണമാണ് വേണ്ടത്. ഒപ്പം ഈ മേഖലയിലെ പ്രധാന ശക്തിയുടെ പിന്തുണയും അനിവാര്യമാണ്. അതാണ് ഇന്ത്യയില്‍ ട്രംപ് ഭരണകൂടം കാണുന്നത്. ദുര്‍ബലനായ പ്രസിഡന്റ് എന്നതില്‍ നിന്നും ശക്തനായ ഭരണാധികാരി എന്ന ഇമേജാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോക നിലവാരത്തിലുള്ള ഒരു ഇടപെടല്‍ തന്നെയാണ് ലക്ഷ്യം.
ഡെമോക്രാറ്റിക്കുകള്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ റഷ്യ പോലും ആഗ്രഹിക്കുന്നതും ട്രംപ് അധികാരത്തില്‍ വരുന്നതിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിനായി റഷ്യന്‍ ചാരസംഘടന ഇടപെട്ടിരുന്നു എന്ന് സി.ഐ.എ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരമൊരു ഇടപെടല്‍ ഇത്തവണ ഉണ്ടാകാതിരിക്കാന്‍ വലിയ ജാഗ്രതയാണ് ഡെമോക്രാറ്റിക് ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ട്രംപിന്റെ എതിരാളി ജോര്‍ജ് ബൈഡന്‍ ഇപ്പോള്‍ തന്നെ മുന്നിലാണ്. ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കിയ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടിയും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഹൂസ്റ്റണിലും അഹമ്മദാബാദിലും ട്രംപ് നടത്തിയ റാലികളെ അപ്രസക്തമാക്കുന്ന നിലപാടായിരുന്നു ഇത്. ട്രംപ് പരാജയപ്പെട്ടാല്‍ അത് ഇനി മോദിയുടെ പരാജയമായി കൂടി മാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനായി മോദിയുടെ റാലികള്‍ മാറിയതിനെ ഇന്ത്യയിലെ പ്രതിപക്ഷവും രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. ഈ റാലികളിലെ ദൃശ്യങ്ങളും മോദിയുടെ പുകഴ്ത്തലുകളും തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാട്ടിയാണ് ഇതിന് ഡെമോക്രാറ്റിക്കുകള്‍ മറുപടി നല്‍കുന്നത്.
ട്രംപ് പരാജയപ്പെട്ടാല്‍ അമേരിക്കയുടെ ഇന്ത്യയോടുള്ള നിലപാട് എന്തായിരിക്കുമെന്നതും പ്രസക്തമായ കാര്യമാണ്. പോളിസിയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലങ്കിലും പ്രധാനമന്ത്രി മോദിയുമായുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ മാറ്റം വരാന്‍ സാധ്യത ഏറെയാണ്. ഇത് ആത്യന്തികമായി ഇന്ത്യയ്ക്കാണ് ക്ഷീണം ചെയ്യുക. ഇടതു പക്ഷവും കോണ്‍ഗ്രസ്സും ചൂണ്ടിക്കാട്ടുന്നതും അതുതന്നെയാണ്. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ വലിയ വീഴ്ച മോദി ഭരണകൂടത്തിന് പറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേ സമയം അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായാണ് ഇന്ത്യയിപ്പോള്‍ മുന്നോട്ട് പോകുന്നത്. കര, നാവിക സേനകളുടെ മേധാവികള്‍ അരുണാചല്‍ പ്രദേശിലും സിക്കിമിലും നടത്തിയ സന്ദര്‍ശനത്തെ ഗൗരവത്തോടെയാണ് ചൈനയും നോക്കി കാണുന്നത്. ചര്‍ച്ചക്ക് തയ്യാറെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയത് അപകടം മുന്നില്‍ കണ്ടാണ്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം എന്നതിലുപരി ഒരു യുദ്ധം ചൈനയും നിലവില്‍ ആഗ്രഹിക്കുന്നില്ല. ട്രംപ് ഭരണകൂടം അത് മുതലെടുക്കുമെന്ന് കണ്ടാണ് ഈ തന്ത്രപരമായ നിലപാട്.
റഷ്യയുടെ നിലപാടും ചൈനയെ പിറകോട്ടടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ റഷ്യ ആ സൗഹൃദം ശക്തമായി തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ സന്ദേശം ചൈനയ്ക്കും റഷ്യന്‍ ഭരണകൂടം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സും, ജപ്പാനും, ബ്രിട്ടനും, ജര്‍മ്മനിയും, ഇസ്രയേലും ഉള്‍പ്പെടെ ലോക ശക്തികള്‍ക്കും പ്രിയം ഇന്ത്യയോടാണ്. ഉത്തര കൊറിയയ്ക്കും പാക്കിസ്ഥാനും മാത്രമാണ് ചൈനയെ പ്രത്യക്ഷത്തില്‍ സഹായിക്കാന്‍ കഴിയുക. ആ സഹായമാകട്ടെ ദുര്‍ബലവുമായിരിക്കും. പാക്കിസ്ഥാന് ഇതിനകം തന്നെ ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയെ സഹായിക്കാന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ആക്രമിക്കുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. കൈവശമുള്ള പാക്ക് അധീന കശ്മീര്‍ കൂടി നഷ്ടപ്പെടുമോയെന്ന ആശങ്കയും പാക്കിസ്ഥാനിപ്പോഴുണ്ട്.
ഏറെ കലിപ്പിലാണ് ഇന്ത്യന്‍ സേനയുമുള്ളത്. ഫ്രാന്‍സില്‍ നിന്നും അടുത്തയിടെ എത്തിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പാക്ക് – ചൈന അതിര്‍ത്തികളില്‍ നിയോഗിക്കാനാണ് ഇന്ത്യന്‍ സേനയുടെ തീരുമാനം. ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ ചൈനയിലും പാക്കിസ്ഥാനിലും ആക്രമണം നടത്താന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. ഈ ആക്രമണകാരിയുടെ ‘പവര്‍’ ലോകം പരീക്ഷിച്ച് അറിഞ്ഞതുമാണ്. റഫാലിനോട് കിടപിടക്കാവുന്ന ഒരു യുദ്ധവിമാനവും പാക്കിസ്ഥാന്റെ കൈവശമില്ല. ചൈന അവകാശപ്പെടുന്ന കരുത്ത് അവരുടെ യുദ്ധവിമാനങ്ങള്‍ക്കുണ്ടോ എന്നതും വ്യക്തമല്ല. ഇതുവരെ അത്തരമൊരു പരീക്ഷണം ചൈന നടത്തിയിട്ടുമില്ല. ഇന്ത്യയെ പോലെ യുദ്ധം ചെയ്ത പരിചയവും ചൈനീസ് സൈന്യത്തിനില്ല. അതിര്‍ത്തിയിലെ ഭൂമി ശാസ്ത്രപരമായ മേധാവിത്വവും ഇന്ത്യയ്ക്കാണ് അനുകൂലം. അതു കൊണ്ടാണ് ഇപ്പോള്‍ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തേക്ക് കടന്നു കയറാനുള്ള ചൈനീസ് നീക്കം ഇന്ത്യന്‍ സേനക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നത്.
ടിബറ്റന്‍ അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇന്ത്യ രൂപീകരിച്ച സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സും ചൈനക്ക് വലിയ ഭീഷണിയാണ്. 1962ലെ തിരിച്ചടിക്കു ശേഷമാണ് ചൈനയുടെ ആജന്മ ശത്രുക്കളായ ടിബറ്റുകാരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഫോഴ്‌സ് ഇന്ത്യ രൂപീകരിച്ചിരുന്നത്. ചെങ്കുത്തായ മലനിരകളിലും തണുത്തുറഞ്ഞ ദുര്‍ഘട മേഖലകളിലും തളരാത്ത വീര്യമാണിത്. വലിയ പരിശീലനമാണ് ഈ സേനക്ക് ഇന്ത്യ നല്‍കിയിരിക്കുന്നത്. കാഴ്ചയില്‍ ചൈനാക്കാരെ പോലെ തന്നെയിരിക്കുന്ന ടിബറ്റുകാര്‍ ചൈനയുടെ രഹസ്യ നീക്കങ്ങള്‍ക്കും വലിയ പാരയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോക്ക് പുറമെ സി.ഐ.എയും ടിബറ്റ് പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ ഇല അനങ്ങിയാല്‍ ആദ്യം അറിയുന്നതും പ്രതിരോധിക്കുന്നതും ഈ സേന തന്നെയാണ്. രഹസ്യ ദൗത്യങ്ങള്‍ നിറവേറ്റുന്നതിനാല്‍ ഇവരുടെ സാന്നിധ്യം മാത്രമല്ല വിവരങ്ങളും അതീവ രഹസ്യമാണ്.