കോടതി വിധി ചാണ്ടിക്ക് ആനുകൂലമായാല്‍ ആലപ്പുഴ കളക്ടര്‍ അനുപമയും തെറിക്കും

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും ആലപ്പുഴ കളക്ടര്‍ അനുപയുടെ റിപ്പോര്‍ട്ടിനെതിരെ പരാമര്‍ശമുണ്ടായാല്‍ തല്‍സ്ഥാനത്ത് നിന്നും തെറിക്കും.

ഗുരുതരമായ പിഴവുകള്‍ കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇക്കാര്യം സി.പി.എം അനുകൂല കൈരളി പീപ്പിള്‍ ചാനല്‍ തന്നെ എക്‌സ്‌ക്ലൂസീവായി പുറത്ത് വിട്ടതില്‍ തന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്.

തനിക്ക് അനുകൂലമായ നിലപാട് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകുമെന്ന് കരുതുന്ന തോമസ് ചാണ്ടി അങ്ങനെ വന്നാല്‍ കളക്ടറെ തലസ്ഥാനത്ത് നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.

കളക്ടര്‍ അനുപമയില്‍ നിന്നും നീതി പ്രതീക്ഷിക്കാത്ത തോമസ് ചാണ്ടി ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

കളക്ടര്‍ റവന്യൂ വകുപ്പിനു കീഴിലാണെങ്കിലും ഐ.എ.എസുകാരുടെ നിയമന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയില്‍ നിഷിപ്തമാണ്.

റവന്യൂ മന്ത്രിയും സി.പി.ഐയും ഉടക്കിയാല്‍ പോലും ഇക്കാര്യത്തില്‍ ഇവരുടെ സമ്മതമില്ലാതെ തന്നെ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം.

കളക്ടര്‍ നിയമപ്രകാരമല്ല നടപടി സ്വീകരിച്ചത് എന്ന് വ്യക്തമായാല്‍ സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്നാണ് മുതിര്‍ന്ന സി.പി.എം നേതാക്കളും വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ മോശമാക്കാന്‍ കാരണമായ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും കളക്ടര്‍ ‘ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുക’ തന്നെ ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്.

മറിച്ച് തോമസ് ചാണ്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കുന്ന പ്രശ്‌നമില്ലന്നും കോടതി നിര്‍ദ്ദേശം മാനിച്ചാകും തുടര്‍ നടപടികളെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.

അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കൈയ്യേറി എന്ന് പറയുന്ന സ്ഥലത്തിന്റെ ഉടമ മറ്റൊരാളാണെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കൊബുംകുഴി പാടശേഖരത്തിലെ തോമസ് ചാണ്ടിയുടെ സ്വകാര്യ വസ്തു റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുളളതെന്ന് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ക്കുകയായിരുന്നുവത്രേ.

തോമസ് ചാണ്ടിയുടെ പേരിലുളള സ്ഥലം എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ സ്ഥലത്തിന്റെ സര്‍വ്വേ നമ്പരും തെറ്റാണെന്നും സിപിഎം അനുകൂല ചാനല്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടിലെ പേജ് അഞ്ചില്‍ കളക്ടറുടെ പരാമാര്‍ശം ഇങ്ങനെയാണ്, ബ്‌ളോക്ക് 81 ല്‍ റീസര്‍വ്വേ 36ല്‍ പെട്ട നിലം ഭൈരവനെന്നയാള്‍ തോമസ് ചാണ്ടിക്ക് കൈമാറ്റം ചെയ്തു എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്ന് ടിവി അനുപമ എഴുതി വച്ചിട്ടുണ്ട്.

എന്നാല്‍ 2005 ല്‍ ഭൈരവനില്‍ നിന്ന് വാട്ടര്‍വേള്‍ഡ് കമ്പനി വാങ്ങിയ സ്ഥലം 2007 ല്‍ ശങ്കരമംഗലത്തില്‍ ജോണ്‍ മാത്യു എന്നയാള്‍ക്ക് വിറ്റതാണെന്നാണ് തോമസ് ചാണ്ടിയുടെ വാദം. റവന്യുരേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപെടുമെന്ന വാദമാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നത്.

കളക്ടറുടെ റിപ്പോര്‍ട്ടിലെ ആറാം പേജില്‍ ബ്ലോക്ക് 78ല്‍ റീസര്‍വ്വേ 10 ല്‍ പെട്ട സ്ഥലം തോമസ് ചാണ്ടിയുടെ പേരിലാണെന്നും കളക്ടര്‍ അനുപമ എഴുതിയതിലും വസ്തുതാപരമായ പിശകുണ്ടെന്നും ആക്ഷേപമുണ്ട്. ഈ സ്ഥലത്തിന്റെ ഉടമസ്ഥനും തോമസ് ചാണ്ടിയല്ലത്രേ.

വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ എക്‌സ് മാത്യു 1998 ല്‍ വാങ്ങിയ സ്ഥലമാണിതെന്നാണ് റവന്യുരേഖകള്‍ തെളിയിക്കുന്നതെന്നും കൈരളി പീപ്പിള്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top