റോഡിലെ മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍ വരെ പിഴ

ദോഹ: റോഡിലെ മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍ വരെ പിഴയീടാക്കുമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്.

മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവരെ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്റര്‍സെക്ഷനുകളിലെ മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവര്‍ കര്‍ശനനടപടികളും നേരിടേണ്ടി വരുമെന്ന് ഗതാഗതവകുപ്പിലെ ഗതാഗത ബോധവത്കരണവിഭാഗം മേധാവി ഫഹദ് അല്‍ അബ്ദുല്ല പറഞ്ഞു.

ഇന്റര്‍സെക്ഷനിലെ സിഗ്‌നലില്‍ പച്ച ലൈറ്റ് തെളിയുമ്പോള്‍ വാഹനം മഞ്ഞബോക്‌സില്‍ നിര്‍ത്തുന്നതിലൂടെ പിറകെവരുന്ന വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാവുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും.

ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് വാഹനാപകടത്തിനും കാരണമാകും.

ഇന്റര്‍സെക്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ കണ്ണുകള്‍ ഇത്തരം ലംഘനങ്ങള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യും.

വാഹനങ്ങളുടെ മൂന്ന് ചിത്രങ്ങളാണ് ഇന്റര്‍സെക്ഷനുകളില്‍ ക്യാമറ പകര്‍ത്തുന്നത്.

നമ്പര്‍ പ്ലേറ്റിന്റേയും, വാഹനത്തിന്റെയും, വാഹനത്തിന്റെ പൊസിഷനും, മഞ്ഞബോക്‌സില്‍ വാഹനം നില്‍ക്കുന്ന സ്ഥലവുമാണ് ക്യാമറ പകര്‍ത്തുന്നത്.

വാഹനയുടമ നിയമ ലംഘനം നടത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലംഘനവും അടയ്‌ക്കേണ്ട പിഴത്തുകയും സംബന്ധിച്ച സന്ദേശം മൊബൈലിലെത്തും.

നിയമ ലംഘകരില്‍ നിന്ന് ആയിരം റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്. കൂടാതെ വാഹനം ഒരാഴ്ച ജപ്തിചെയ്യുകയും ചെയ്യും.

Top