തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായുള്ള ജാതിവിവേചനത്തില്‍ പ്രതികരണവുമായി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ്. സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കില്‍ തിരുത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് വീഴ്ച പരിഹരിക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് വിശദീകരണം നല്‍കി.
അതേസമയം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചിരുന്നു.