ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കിഴക്കന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ചൈനയില്‍ നിന്നും ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും വന്‍തോതിലുള്ള സൈനികവിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.

അതേസമയം, പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി. കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ മടി കാണിക്കുന്നതിനിടെയാണ് ചൈന ഇന്ത്യയോട് പിന്മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും കോര്‍പ്‌സ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയത്. ദക്ഷിണ പാംഗോഗില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമുളള ഇടമാണ്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നുളള സൈനിക പിന്മാറ്റത്തിനുളള റോഡ് മാപ്പ് ആദ്യം തയ്യാറാക്കണം എന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്

Top